തിരുവനന്തപുരം: ഹോം ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ അത് ലംഘിച്ച്‌ പൊതുസ്ഥലത്ത് ഇടപഴകിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. പഞ്ചായത്ത്, മുന്‍സിപ്പല്‍,കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ വാര്‍ഡ് തലത്തില്‍ ക്വാറന്റൈന്‍ ലംഘനം നിരീക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ നിര്‍ബന്ധമായും ജാഗ്രതാ സ്റ്റിക്കര്‍ പതിപ്പിക്കണം. സ്റ്റിക്കര്‍ നശിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. റിവേഴ്സ് ക്വാറന്റൈന്‍ സംബന്ധിച്ച്‌ ജില്ലാ മെഡിക്കല്‍ ഓഫീസ് തയ്യാറാക്കിയ ലഘുലേഖ, പോസ്റ്റര്‍ എന്നിവയുടെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ, ഡി.സി.പി കറുപ്പുസാമി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഡി.എം.ഒ. പി.പി.പ്രീത, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ഇതര വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.