ഹൂസ്റ്റൺ: ജോർജ് ഫ്ലോയിഡിന്‍റെ മരണത്തിൽ പ്രതിഷേധിച്ചു ഡിസ്കവറി ഗ്രീനിൽ നിന്ന് ഹൂസ്റ്റണിലെ സിറ്റി ഹാളിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തവരിൽ കോവിഡ് -19 പോസിറ്റീവ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 60,000 പേരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്.

ഹാരിസ് കൗണ്ടിയിൽ ഇന്നലെ മാത്രം 500 ലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണവും വർധിച്ചുവരുന്നത്, ഹൂസ്റ്റൺ അടുത്ത ഹോട്ട്സ്പോട്ട് ആകുമോ എന്ന ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

“നിങ്ങൾ പ്രതിക്ഷേധത്തിന്‍റെ ഭാഗമായി ഒത്തുചേർന്നെങ്കിൽ കോവിഡ് ടെസ്റ്റിംഗ് നടത്തണം ,” ഹൂസ്റ്റൺ മേയർ സിൽ‌വെസ്റ്റർ ടർണർ പറഞ്ഞു.

ഹൂസ്റ്റണിൽ നടന്ന പ്രതിഷേധത്തിൽ മേയർ സിൽ‌വെസ്റ്റർ ടർണറും പങ്കെടുത്തിരുന്നു. കഴിഞ്ഞയാഴ്ച താൻ നടത്തിയ കോവിഡ് -19 ടെസ്റ്റിംഗ് ഫലം നെഗറ്റീവ് ആയിരുന്നെന്ന് മേയർ അറിയിച്ചു.അതോടൊപ്പം എല്ലാവരും മാസ്ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവു എന്ന് മേയർ നിദ്ദേശവും നൽകി.

റിപ്പോർട്ട്: അജു വാരിക്കാട്