ന്യൂഡല്‍ഹി: ആറ് രാജ്യങ്ങള്‍ തേടുന്ന ഹവാല റാക്കറ്റ് തലവന്‍ നരേഷ് കുമാര്‍ ജെയിന്‍ ഇന്ത്യയില്‍ പിടിയില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് നരേഷ് കുമാറിനെ പിടികൂടിയത്. കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷത്തിനുള്ളില്‍ ഇയാളുഃെട നേതൃത്വത്തില്‍ ഒരു ലക്ഷം കോടി രൂപയോളം റവാല പണമായി മറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
അമേരിക്ക, ബ്രിട്ടണ്‍, ഇറ്റലി, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ്, യു.എഇ എന്നീ രാജ്യങ്ങള്‍ തേടുന്ന കുറ്റവാളിയാണ് നരേഷ് കുമാര്‍. ഇന്ത്യയില്‍ ഇതുവരെയുള്ള ഏറ്റവും വലിയ കള്ളപ്പണം ഇടപാട് സംഘത്തെയാണ് പിടികൂടുന്നത്. ബിസിനസുകാരും ലഹരിമരുന്ന് മാഫിയയും മറ്റ് ക്രിമിനല്‍ സംഘങ്ങളും നരേഷ് കുമാറിന്റെ ഹവാല ഇടപാടിനെ ആശ്രയിച്ചിരുന്നു.
924 ബാങ്ക് അക്കൗണ്ടുകളും 554 കടലാസ് കമ്ബനികളും വഴിയാണ് ജെയിന്‍ പണം അനധികൃതമായി കടത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നു. 337 വിദേശ ബാങ്ക് അക്കൗണ്ട് ഇതിനകം തന്നെ എന്‍ഫോഴ്‌സ്‌മെന്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയില്‍ ഏറെയും ഹോങ് കോംഗ്, ദുബായ്, സിംഗപ്പൂര്‍ ആസ്ഥാനമായുള്ളവയാണ്. ഈ അക്കൗണ്ടുകള്‍ വഴിയാണ് കള്ളപ്പണത്തില്‍ ഏറെയും മറിഞ്ഞിരിക്കുന്നത്.
നരേഷ് കുമാറില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്ത രേഖകളില്‍ ഇന്ത്യയില്‍ നിന്നുള്ള 970 ഇടപാടുകാരുടെ വിവരങ്ങളുമുണ്ട്. വന്‍കിട കോര്‍പറേറ്റ് മേധാവികളാണിവര്‍. നരേഷ് കുമാര്‍ വഴി 18,000 കോടി രൂപയുടെ കള്ളപ്പണമാണ് ഇവര്‍ വെളുപ്പിച്ചെടുത്തത്. അതുകൂടാതെ വിദേശ പണവിനിമയവുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിലെ ഉന്നതരെ എന്‍ഫോഴ്‌സ്‌മെന്റ് ഇതിനകം തന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.
നരേഷ് കുമാറിന്റെ ഡല്‍ഹി രോഹിണി, വികാസ്പുരി എന്നിവിടങ്ങളിലെ വീടുകളില്‍ 2018ല്‍ നടത്തിയ പരിശോധനയില്‍ 96,000 കോടിയുടെയും 11,800 കോടിയും സാമ്ബത്തിക ഇടപാടുകളുടെ രേഖകള്‍ പിടിച്ചെടുത്തിരുന്നു. നിരവധി വിദേശ അക്കൗണ്ടുകളുടെ ഡിജിറ്റല്‍ കീകളും കണ്ടെടുത്തിരുന്നു. ഇടപാടുകാര്‍ക്ക് വിദേശത്തേക്ക് പണമെത്തിക്കാന്‍ ഹവാല മാര്‍ഗത്തിനു പുറമേ ടൂര്‍ ആന്റ് ട്രാവല്‍ സ്ഥാപനങ്ങളെയും ഇയാള്‍ ആശ്രയിച്ചിരുന്നു.
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയാണ് 61കാരനായ നരേഷ് കുമാര്‍ ജെയിന്‍. 1995ലാണ് ഇയാള്‍ ആദ്യമായി രാജ്യത്തുനിന്ന് മുങ്ങുന്നത്. 2009 മേയ് വരെ ദുബായില്‍ കഴിഞ്ഞു. ദുബായില്‍M/s Kumar Trading CO എന്ന സ്ഥാപനവും നടത്തിയിരുന്നു. ആദ്യകാലങ്ങളില്‍ ഇന്ത്യയിലേക്കോ ചൈനയിലേക്കോ മറ്റേതെങ്കിലും രാജ്യങ്ങളിലേക്ക് ഇയാള്‍ പണം കൈമാറിയിരുന്നില്ല. നേരിട്ടോ ബിനാമികള്‍ വഴിയോ നിക്ഷേപം നടത്തുകയും വന്‍ ലാഭം നേടുകയും ചെയ്തിരുന്നു. യഥാര്‍ത്ഥ്യമല്ലാത്ത ഇത്തരം ഇടപാടുകളെ ‘വാഷ്’ എന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. യൂറോപ്, യു.എസ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ വലിയ കണ്ണികളുള്ള ഏറ്റവും വലിയ ഹവാല ഇടപാടുകാരില്‍ ഒരാളാണ് നരേഷ് കുമാര്‍.
ഫണ്ടുകളുടെ ഉറവിടം മറച്ചുവയ്ക്കുന്നതിനായി ‘ലെയറിംഗ്’ ടെക്‌നിക്ക് ആണ് ജെയിന്‍ ഉപയോഗിച്ചിരുന്നത്. ഹവാല ഇടപാടുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നത് യൂറോപ്, ആ്രഫിക്കന്‍ രാജ്യങ്ങളിലേക്കും വരെ വ്യാപിപ്പിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 2004ലാണ് കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ട് യൂറോപില്‍ നരേഷ് കുമാറിന്റെ പേര് ആദ്യം ഉയര്‍ന്നുവന്നത്. ഒരു അല്‍ബേനിയന്‍ ലഹരിമരുന്ന് കള്ളക്കടത്ത് സംഘത്തെ അന്വേഷണ സംഘം പിടികൂടിയതോടെയാണിത്. ഇറ്റലിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഹെറോയിനും കൊക്കെയ്‌നും എത്തിച്ചിരുന്ന സംഘമായിരുന്നു ഇത്. പണമിടപാടിന് ഇവര്‍ക്ക് ഇറ്റലി, യുഎഇ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ സംഘങ്ങളുമുണ്ടായിരുന്നു.
ദുബായില്‍ 2007 ഫെബ്രുവരി 29നാണ് ഇയാള്‍ ആദ്യം അറസ്റ്റിലായത്. സംഘത്തിലെ 39 അംഗങ്ങളും പിടിയിലായിരുന്നു. 2009 മേയില്‍ ജയില്‍ ചാടിയ ഇയാള്‍ നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. 2009 ഡിസംബറില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇയാളെ അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം ആരംഭിച്ചത്. ഒരു വര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ച നരേഷ് കുമാര്‍ പുറത്തിറങ്ങിയ ശേഷം കള്ളപ്പണം വെളുപ്പിക്കുന്നത് ഊര്‍ജിതമാക്കുകയായിരുന്നു.
തായ്‌വാന്‍, വിയറ്റ്‌നാം, ബംഗ്ലാദേശ്, തുര്‍ക്കി, ഇന്തോനേഷ്യ, കൊറിയ, ബ്രസീല്‍, ബര്‍കിന ഫാസോ, കാനഡ, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലും ഇയാള്‍ക്ക് നെറ്റ്‌വര്‍ക്ക് ഉണ്ടെന്നാണ് യുകെയിലെ സീരിയസ് ആന്റ് ഓര്‍ഗനൈസ്ഡ് ക്രൈം ഏജന്‍സി (എസ്‌ഒസിഎ), ദുബായ്, ഇറ്റലി, തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുമായി പങ്കുവച്ച വിവരങ്ങളില്‍ പറയുന്നത്.



