ലക്‌നൗ : ഹത്രാസിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിന്റെ ദിശ മാറുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയത് സ്വന്തം കുടുംബമാണെന്നാണ് കേസിൽ അറസ്റ്റിലായ പ്രതികളുടെ ആരോപണം. തങ്ങൾ നിരപരാധികളാണെന്ന് അറിയിച്ച് പ്രതികൾ പോലീസ് സൂപ്രണ്ടിന് കത്ത് അയച്ചിട്ടുണ്ട്. ഈ കത്തിലാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് സ്വന്തം വീട്ടുകാരാണെന്ന് പ്രതികൾ ആരോപിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുമായി തങ്ങൾക്ക് സൗഹൃദത്തിലായിരുന്നു എന്ന് പ്രതികൾ സൂപ്രണ്ടിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ ബന്ധം വീട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നു. പെൺകുട്ടി മർദ്ദനത്തിന് ഇരയായ പ്രദേശത്ത് നാല് പേരും ഇല്ലായിരുന്നുവെന്നും കത്തിൽ പ്രതികൾ പറയുന്നു.

സംഭവ ദിവസം പെൺകുട്ടിയെ കാണാനായി വീട്ടിൽ പോയിരുന്നതായി പ്രതികളിലൊരാൾ സമ്മതിച്ചിട്ടുണ്ട്. എന്നാൽ പെൺകുട്ടിയുടെ അമ്മയും സഹോദരനും എതിർത്തതിനെ തുടർന്ന് മടങ്ങിപ്പോയതായും പ്രതി മൊഴിനൽകിയിട്ടുണ്ട്. പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ പെൺകുട്ടിയെ മാതാവും സഹോദരനും മർദ്ദിക്കാറുണ്ടായിരുന്നു എന്നും കത്തിൽ പരാമർശമുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം മനപ്പൂർവ്വം തങ്ങളെ കുറ്റക്കാരാക്കാൻ ശ്രമിക്കുകയാണെന്നും പ്രതികൾ പറയുന്നു.

കഴിഞ്ഞ ദിവസം ഹത്രാസിലെ പ്രതികളുമായി പെൺകുട്ടിയുടെ സഹോദരൻ മണിക്കൂറുകളോളം സംസാരിച്ചിരുന്നതിന്റെ ഫോൺ രേഖകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികൾ സ്വന്തം കുടുംബമാണെന്ന് വ്യക്തമാക്കി പ്രതികൾ മുന്നോട്ട് വന്നിരിക്കുന്നത്. ഇതെല്ലാം തന്നെ സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്.