ലക്‌നൗ: വിവാദമായ ഹത്രാസ് കേസ് സിബിഐ ഏറ്റെടുത്തു.  സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ഇതിന്റെ ഭാഗമായി കത്ത് അയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം, ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നക്സലുകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പെൺകുട്ടിയുടെ വീട്ടിൽ ഏറെക്കാലമായി ജീവിക്കുന്ന ബന്ധുവായ സ്ത്രീയ്ക്കാണ് നക്സലുകളുമായി ബന്ധമുള്ളത്. കൊലപാതകത്തിലടക്കം ഇവർക്ക് പങ്കുള്ളതായും സൂചനകളുണ്ട്.

കഴിഞ്ഞ മാസം 16 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ഇവർ പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നതായി രേഖകളുണ്ട്. സർക്കാരുമായി വിലപേശാൻ നക്സലുകൾ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷണത്തിന് വിധേയമായേക്കും. ഹത്രാസ് കുടുംബത്തിന് നക്സൽ ബന്ധമുണ്ടെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ നക്സൽ യുവതിയുമായി സിപിഎം നേതാവ് സീതാറാം യെച്ചൂരി നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.