റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ അവധിക്ക് പോയ പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത. റീഎന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തു കഴിയുന്നവരുടെ ഇഖാമ കാലാവധി നീട്ടി നല്‍കുമെന്നും റീഎന്‍ട്രി വിസയുടെ കാലാധി ഈ മാസം അവസാനിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യമെന്നും സൗദി ജവാസത്ത് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിനും 30നും ഇടയില്‍ റീഎന്‍ട്രി വിസ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഇഖാമ ഒരു മാസത്തേക്ക് പുതുക്കും. ഇതിനായി ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ല. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം സൗദി മാനവ വിഭവശേഷി മന്ത്രാലയവും നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും സഹകരിച്ചാണ് നടപടി.നാട്ടില്‍ പോകാനാകാതെ സൗദിയില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രി കാലാവധിയും ഫൈനല്‍ എക്‌സിറ്റ് വിസാ കാലാവധിയും ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്.