തിരുവനന്തപുരം:സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ നഴ്‌സുമാരായ കോട്ടയം കുറവിലങ്ങാട് വയലാ ഇടച്ചേരി തടത്തില്‍ ഫിലിപ്പ് – ലീലാമ്മ ദമ്പതികളുടെ മകള്‍ ഷിന്‍സി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 7:30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു.

ഇരുവരുടെയും മൃതദേഹം നോര്‍ക റൂട്‌സ് ആംബുലന്‍സില്‍ അവരവരുടെ വീട്ടില്‍ എത്തിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയുമായും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന സര്‍കാര്‍ നോര്‍ക റൂട്‌സ് വഴി നിരന്തരം പരിശ്രമം നടത്തിയിരുന്നു. അല്‍ ഖാലിദിയാ കിങ്ങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണ് അപകടത്തില്‍ പെട്ടത്. അഞ്ചുപേര്‍ യാത്ര ചെയ്ത കാറില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സ്‌നേഹ, റിന്‍സി എന്നീ രണ്ട് നഴ്‌സുമാര്‍ നജ്റാന്‍ ജനറല്‍ ആശുപത്രിയിലും ഡ്രൈവറായിരുന്ന അജിത്ത് നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്.