റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ് ബാധിതരായി ബാക്കിയുള്ളത്​ 3093 പേര്‍ മാത്രം. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.

രാജ്യം കോവിഡ്​ മുക്തമായ സ്ഥിതിയിലേക്ക്​ വളരെ വേഗം അടുക്കുന്നു എന്നാണ്​ ഇത്​ സൂചിപ്പിക്കുന്നത്​. രോഗബാധിതരില്‍ 473 പേര്‍ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്​തികരമാണ്​.

ചൊവ്വാഴ്​ച പുതുതായി 142 പേര്‍ക്ക്​ മാത്രമാണ്​ രോഗം സ്ഥിരീകരിച്ചത്​. 201 പേര്‍​ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു​. രാജ്യത്ത്​ വിവിധയിടങ്ങളിലായി 10 മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ എണ്ണം 360155 ഉം രോഗമുക്തരുടെ എണ്ണം 350993 ഉം ആയി.
മരണസംഖ്യ 6069 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.5 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 34, മക്ക 32, മദീന 19, അസീര്‍ 14, കിഴക്കന്‍ പ്രവിശ്യ 15, അസീര്‍ 11, തബൂക്ക്​​ 7, അല്‍ജൗഫ്​ 5, ഖസീം 5, അല്‍ബാഹ 4, നജ്​റാന്‍ 3, ഹാഇല്‍ 3, ജീസാന്‍ 3, വടക്കന്‍ അതിര്‍ത്തി മേഖല​ 1.