റിയാദ്/മനാമ: യുഎഇക്ക് പിറകെ സൗദി അറേബ്യയിലും ബഹ്റൈനിലും പൊതുജനങ്ങള്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചു. സൗദിയില്‍ ഫൈസര്‍ കോവിഡ് വാക്സിന്‍ ആണ് വിതരണം ചെയ്യാനാരംഭിച്ചത്. ബഹ്റൈനില്‍ സിനോഫാം വാക്സിന്‍ വിതരണവും ആരംഭിച്ചു.
സൗദിയില്‍ ആരോഗ്യ മന്ത്രി തൗഫീഖ് അല്‍റബീഅ ആദ്യ വാക്സീന്‍ സ്വീകരിച്ചു. സൗദിയില്‍ ഫൈസര്‍ വാക്സീന്റെ ആദ്യ ബാച്ച് ഇറക്കുമതി ചെയ്തതായി അധികൃതര്‍ അറിയിച്ചിരുന്നതിന് പിറകെയാണ് സൗദി ആരോഗ്യമന്ത്രി തൗഫീഖ് അല്‍ റബീഅ ആദ്യ വാക്സിന്‍ സ്വീകരിച്ചത്.
ബഹ്റൈനില്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ സിനോഫാം വാക്സിന്‍ സ്വീകരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യവ്യാപകമായി കൊവിഡ് വാക്സിന്‍ ഉടന്‍ നല്‍കിത്തുടങ്ങുമെന്ന് ബഹ്റൈന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
സൗജന്യമായാണ് വാക്സിന്‍ വിതരണം എന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. ബഹ്റൈനില്‍ ദേശീയ വാക്സീനേഷന്‍ പ്രചാരണം ഔദ്യോഗികമായി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
യുഎഇയില്‍ ഏതാനും ദിവസം മുന്‍പാണ് പൊതുജനങ്ങള്‍ക്ക് സിനോഫാം വാക്സിന്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്. സ്വകാര്യ ആശുപത്രികള്‍ വഴിയായിരുന്നു വിതരണം ആരംഭിച്ചത്.



