സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വൻ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 360 രൂപ കുറഞ്ഞതിന് പിന്നാലെ ഇന്ന് 720 രൂപയുടെ ഇടിവാണ് വിപണിയിലുണ്ടായത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ്ണവിലയിൽ 1100 രൂപയുടെ കുറവാണുണ്ടായത്. ഈ മാസത്തിൻ്റെ തുടക്കത്തിൽ പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടതിന് ശേഷം വിപണിയിൽ പ്രകടമായ ഈ തിരുത്തലുകൾ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ഇന്നത്തെ കുറവോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,18,240 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും സ്വർണ്ണവിലയിൽ വരും ദിവസങ്ങളിലും വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാം.