അഞ്ചു ലക്ഷം രൂപയുടെ സ്വർണ്ണമാലയ്ക്ക് വേണ്ടി കമ്പ്യൂട്ടർ കോച്ചിംഗ് സെന്റർ ഉടമയായ പ്രകാശ് ചന്ദ്ര ഗുപ്തയെ ഉറ്റസുഹൃത്ത് മോഹിത് ദ്വിവേദി കൊലപ്പെടുത്തി. 18 വർഷത്തെ ദീർഘകാല സൗഹൃദമാണ് ഇവർ തമ്മിലുണ്ടായിരുന്നത്. യൂട്യൂബ് വീഡിയോകൾ നോക്കി വളരെ ആസൂത്രിതമായാണ് മോഹിത് കൊലപാതകം നടത്തിയത്. ബുർഖ ധരിച്ച് വേഷപ്രച്ഛന്നനായി എത്തിയാണ് ഇയാൾ കൊലപാതകം നടത്തിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ അസ്വാഭാവികമായ നടത്ത ശൈലിയാണ് പോലീസിന് പ്രതിയെ കണ്ടെത്താൻ സഹായകമായത്.
ഐ.പി.എൽ ഫൈനൽ രാത്രിയിലെ കൊടും ക്രൂരത
മെയ് 31-ന് ഐ.പി.എൽ ഫൈനൽ നടന്ന രാത്രിയിലാണ് മോഹിത് പ്രകാശിന്റെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി കൊലപാതകം നടത്തിയത്. മത്സരം കാണാനായി സുഹൃത്ത് അന്ന് രാത്രി അവിടെ തന്നെയാണ് തങ്ങുന്നതെന്ന് മനസ്സിലാക്കിയ മോഹിത്, തന്നെ നാട്ടുകാർ തിരിച്ചറിയാതിരിക്കാൻ ബുർഖയും സ്ത്രീകളുടെ ചെരുപ്പും ധരിച്ചാണ് എത്തിയത്.
മുറിക്കുള്ളിൽ വെച്ച് മദ്യപിക്കുകയായിരുന്ന പ്രകാശിന്റെ കഴുത്തിലെ കനമുള്ള സ്വർണ്ണമാല തട്ടിയെടുക്കാൻ മോഹിത് ശ്രമിച്ചതോടെ ഇരുവരും തമ്മിൽ കടുത്ത സംഘർഷമുണ്ടായി. ഈ പിടിവലിക്കിടയിൽ മോഹിത് പ്രകാശിനെ ശക്തിയായി തള്ളിയിടുകയും, നിലത്തു വീണ പ്രകാശിന്റെ തലയ്ക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന്, ചോര വാർന്നൊഴുകുന്ന സുഹൃത്തിനെ അവിടെ ഉപേക്ഷിച്ച്, മാലയും ഒരു സ്വർണ്ണ ബ്രേസ്ലെറ്റുമായി മോഹിത് അവിടെ നിന്ന് കടന്ന് കളഞ്ഞു.
തുമ്പായത് ആൺരൂപത്തിലുള്ള നടത്തം
അടുത്ത ദിവസം രാവിലെയാണ് പ്രകാശിന്റെ മൃതദേഹം രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ബന്ധുക്കൾ കണ്ടെത്തുന്നത്. പെട്ടെന്നുണ്ടായ എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ കാരണം തെന്നിവീണതാകാം ഇതെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാൽ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായതാണ് കൊലപാതകത്തിന്റെ സംശയത്തിലേക്ക് എത്തിച്ചത്.
പല ഉദ്യോഗസ്ഥർ അന്വേഷിച്ചിട്ടും സൂചനകളൊന്നും ലഭിക്കാതായതോടെ, കാൺപൂരിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ രഘുബീർ ലാൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതോടൊണ് കള്ളി വെള്ളിച്ചത്താവുന്നത്. ബുർഖ ധരിച്ച വ്യക്തിയുടെ ആൺരൂപത്തിലുള്ള നടത്തം കണ്ട അദ്ദേഹത്തിന് പെട്ടെന്ന് തന്നെ സംശയം തോന്നി. തുടർന്ന് നൂറോളം സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ബുർഖ ധരിച്ചയാൾ ഒരു കാറിനടുത്തേക്ക് പോകുന്നതായും അവിടെ വച്ചാണ് ഇയാൾ ഈ വേഷം മാറിയതെന്നും പോലീസ് കണ്ടെത്തി. ഇത് പ്രതിയുടെ പെട്ടെന്നുള്ള അറസ്റ്റിലേക്ക് നയിച്ചു.
സ്വാഭാവിക രീതിയിൽ പ്രതിയുടെ പെരുമാറ്റം
തന്റെ പദ്ധതി തികച്ചും കുറ്റമറ്റതാണെന്ന് വിശ്വസിച്ചിരുന്ന മോഹിത്, കൊലപാതകം നടന്ന പിറ്റേന്ന് രാവിലെ പ്രകാശിന്റെ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുകയും സംഭവസ്ഥലത്തുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥരുമായി സാധാരണ രീതിയിൽ സംസാരിക്കുകയും ചെയ്തിരുന്നു. കൂടാതെ, സംഭവത്തിന് ശേഷം യാതൊരു ഭയവുമില്ലാതെ അധ്യാപക യോഗ്യതാ പരീക്ഷ എഴുതാൻ പോയ അയാൾ, അടുത്ത ദിവസം ലഖ്‌നൗവിലേക്ക് യാത്ര ചെയ്യുകയും ചെയ്തു.
വിശ്വസിച്ച സുഹൃത്ത് തന്നെ കൊലപാതകിയായതിൽ തകർന്നിരിക്കുകയാണ് പ്രകാശിന്റെ കുടുംബം. മോഹിത് ഇത് ചെയ്യുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് പ്രകാശിന്റെ സഹോദരൻ വികാസ് പറഞ്ഞു. “വെറും അത്യാഗ്രഹത്തിന്റെ പേരിൽ അവൻ 18 വർഷത്തെ സൗഹൃദമാണ് തകർത്തത്. അവൻ എന്റെ ഒരേയൊരു സഹോദരനായിരുന്നു; ഇനി ഞങ്ങൾ ആരെയാണ് വിശ്വസിക്കുക?” അദ്ദേഹം സങ്കടത്തോടെ ചോദിക്കുന്നു.



