“സ്മൃതിയിലെ ഓണം 2021” എന്നതിലേക്കായി ഓർമ്മകൾ ചികഞ്ഞപ്പോൾ എൻറെ മനസ്സിൽ ഓടിവന്നത് ചെറുപ്പകാലത്ത് ഓണം എങ്ങനെയൊക്കെയായിരുന്നു ആഘോഷിച്ചത് എന്നതാണ്. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബം ആയിരുന്നു. എൻറെ അച്ഛന് നാല് സഹോദരന്മാർ. അതിൽ രണ്ടുപേർ വിദേശത്തായിരുന്നു. വിദേശം എന്ന് പറയുമ്പോൾ ആ കാലഘട്ടത്തിൽ മിക്കവാറും സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലാകും മിക്കവരും. ഒരു വലിയച്ഛനും ഒരു ചെറിയച്ഛനും സിംഗപ്പൂരിലായിരുന്നു ജോലി. ഇവർ നാട്ടിലേക്ക് വരുമ്പോൾ (മിക്കപ്പോഴും ഇവർ എല്ലാ വർഷവും വരുമായിരുന്നു), ഇപ്പോൾ ഗൾഫിൽ ജോലിയുള്ളവരും ഇതുപോലെ തന്നെയാണല്ലോ മിക്കവാറും ഒരു വർഷമോ രണ്ടു വർഷങ്ങളോ കൂടുമ്പോൾ നാട്ടിൽ വന്നു പോകുന്നത്, അതുപോലെ ഇവരും ഒരുമിച്ചു നാട്ടിലേക്ക് വരും. അങ്ങനെ വരുന്ന ഓരോ യാത്രയിലും ഒരു പാട് വിദേശ വസ്തുക്കൾ കൊണ്ടുവരും. അതിൽ പ്രധാന സാധനങ്ങളാണ് ടൈഗർ ബാം എന്നുപറയുന്ന അമൃതാഞ്ജൻ, ചെറിയ ടോർച്ചു ലൈറ്റുകൾ, മലേഷ്യൻ ഉത്പന്നമായതിനാൽ വളരെ നല്ലതാണ് ചെറിയ തലവേദനയ്ക്ക് (ഇതാന്ന് പറയുമ്പോഴേക്കും തലവേദന ഓടിപ്പോകും), ഹോർലിക്സ്-ബോൺവിറ്റ, പലതരം മധുരപലഹാരങ്ങൾ, മിട്ടായി-ബിസ്കറ്റ്കൾ, പലവിധം തുണിത്തരങ്ങൾ… അങ്ങിനെയങ്ങിനെ പോകും അതിന്റെ നീണ്ട ലിസ്റ്റ്.
ചെറിയച്ഛനും വലിയച്ഛനും അവധിക്ക് വരിക മിക്കപ്പോഴും ഓണമാഘോഷിക്കാനാകും, കാരണം അന്ന് ഞങ്ങൾ ഹിന്ദുക്കൾക്കിടയിൽ കാര്യമായി ആഘോഷിച്ചിരുന്നത് ഓണം, വിഷു, തിരുവാതിര എന്നിവയായിരുന്നു.
കൂട്ടുകുടുംബത്തിലുള്ള ഞങ്ങൾ എല്ലാവർക്കും അവർ പുതുവസ്ത്രങ്ങൾ തരാറുണ്ട്. ചെറിയച്ഛനോടാണ് എനിക്ക് അന്ന് കൂടുതലടുപ്പം. എന്നുവെച്ചാൽ വലിയച്ഛനോട് അടുപ്പമില്ല എന്നല്ല ; അദ്ദേഹത്തോട് കൂടുതൽ ബഹുമാനം, ചെറിയച്ഛനോട് കൂടുതൽ അടുത്തു പെരുമാറാനുള്ള സ്വാതന്ത്ര്യവും. കഴിഞ്ഞ വർഷത്തെ ഓണത്തിന് ഇവർ വന്നപ്പോൾ എനിക്കൊരു ചെറിയ നീല വരകളുള്ള മഞ്ഞകളർ ഷർട്ട് – അത് തുന്നാനുള്ള തുണിയോ റെഡിമെയ്ഡോ ആയി കൊണ്ടുവരാൻ ഞാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ ഓണത്തിന് എനിക്ക് ഏതാണ്ട് പത്ത് വയസ്സ് ആയിട്ടുണ്ടാവും. ആ ഡ്രസ്സ് അന്ന് ഓണപ്പുടവയായിട്ടു ഞാൻ സ്വീകരിച്ചു. ഷർട്ടിന്റെ കൈകൾ ഫുൾ കൈ (നീളം കയ്യൻ) ആയിരുന്നു. അവയെ അന്നത്തെ സിനിമാ നായകന്മാരായ മധു, പ്രേംനസീർ എന്നിവരുടെ സിനിമാസ്റ്റൈലിൽ മുട്ടോളം മടക്കിവെച്ച് അന്തസ്സായി എല്ലാവരെയും കാണിച്ച് നടക്കുക എന്നത് ഒരു ഗമ തന്നെയായിരുന്നു. ഇന്നത്തെ കാലത്ത് നമുക്ക് ഇഷ്ടമുള്ള ഏതു രീതിയിലുള്ള ഡ്രസ്സും നിമിഷനേരം കൊണ്ട് ഓൺലൈനിലായോ, കടകളിൽ പോയോ സ്വായത്തമാക്കാൻ കഴിയും. എന്നാൽ അന്നത്തെ കാര്യങ്ങളൊക്കെ വളരെ വിചിത്രം എന്ന് തന്നെ പറയണം. ഒരു പുതിയ ഷർട്ട് ലഭിക്കുക ഇതുപോലുള്ള വിശേഷ ആഘോഷങ്ങളിൽ മാത്രമായിരിക്കും.
ഓണാഘോഷം അന്നും പത്തു ദിവസങ്ങളിലായുണ്ടല്ലോ. ഒന്നാം ഓണത്തിന് തന്നെ ഞങ്ങളുടെ തൊട്ടുള്ള വീടുകളിലുള്ള പൂക്കളൊക്കെ അവർ കാണാതെ പറിച്ചു കൊണ്ടുവരിക, ആ പൂക്കൂടകൾ സഹോദരിമാരെ ഏൽപ്പിച്ചു സഹായിക്കുക, പൂടവിടാനുള്ള കളം ചാണകമെഴുകിയതായിരിക്കും. അതിൽ പൂക്കൾ പതിച്ചു മനോഹരമായി അവരവരുടെ കലാഭാവനക്കനുസൃതമായി പൂക്കളം ഒരുക്കും. അതുകഴിഞ്ഞ് ഞങ്ങളുടെ വീട്ടുവളപ്പിൽ തന്നെയുള്ള ചെറിയ കുളത്തിൽ പോയി നീന്തി കുളിച്ചു വൃത്തിയോടെ വീട്ടിൽ വന്നു അന്നത്തെ പ്രാതൽ കഴിക്കും. പിന്നെ ഓണക്കോടിയണിഞ്ഞു മറ്റുള്ള വീടുകളിലൊക്കെ അവരെ കാണിക്കാൻ പോകയും, തിരികെ എത്തുമ്പോഴേക്കും വിപുലമായ ഒരു ഓണസദ്യ വീട്ടിലെ അമ്മയും സഹോദരിമാരും അച്ഛനും ഉത്സാഹിച്ചു ഒരുക്കിയിട്ടു മുണ്ടാകും. കുറെയൊക്കെ പച്ചക്കറികൾ (വെണ്ടക്കായ്, വഴുതിന, മത്തൻ, ഇളവൻ, കക്കിരിക്ക, പടവലങ്ങ, പയർ, തുടങ്ങിയവ) ഞങ്ങളുടെ വീട്ടു വളപ്പിൽ അല്ലെങ്കിൽ പാടത്ത് വേനൽ പള്ളിയേലിൽ ഉണ്ടാക്കിയതാകും. ഞങ്ങളുടെ നേൽപ്പാടത്തുണ്ടാക്കിയ തുമ്പപ്പൂ പോലുള്ള പുന്നെല്ലിൻ ചോറ്, അമ്മയുടെ കാർമികത്വത്തിൽ ഉണ്ടാക്കിയ വിവിധയിനം കറികൾ – ഓലൻ, കാളൻ, പച്ചടി, കിച്ചടി, സാമ്പാർ, തൈരുകറി, മോരുകറി, അവിയൽ, കൂട്ടുകറി, രണ്ടു മൂന്നു തരം ഉപ്പേരികൾ, വിവിധയിനം അച്ചാറുകൾ, പഴം, പപ്പടം, പായസം, തുടങ്ങി വാഴയിലയിൽ ചോറിനു ചുറ്റും യഥേഷ്ട്ടം കറികൾ. ഊണ് ആരംഭിക്കാൻ പരിപ്പുകറിയും നെയ്യും. രണ്ടു കൂട്ടം യെങ്കിലും പായസം (അട പ്രഥമൻ, സേമിയ അല്ലെങ്കിൽ അരിപ്പായസം) ഇവയാകും ഒടുവിലെ ഐറ്റം. കുറെയൊക്കെ അച്ഛനും സഹായിക്കും. ഉണ്ണാൻ വിരിക്കുന്ന നെടുംതൂമ്പൻ വാഴയിലകൾ അച്ഛനാണ് ഞങ്ങളുടെ വാഴത്തോട്ടത്തിൽ നിന്നും മുറിച്ചെടുത്ത് പാകപ്പെടുത്തി കൊണ്ടുവരിക. ഞങ്ങൾ കൃഷിക്കാർ ആയതുകൊണ്ട് പുന്നെല്ലിൻ അരി കൊണ്ടുണ്ടാക്കിയ പായസം ആയിരിക്കും മിക്കപ്പോഴും എല്ലാവർക്കും പ്രിയം. അങ്ങിനെ വിഭവത്സമൃദ്ധമായ സദ്യയും കഴിച്ചു കഴിഞ്ഞു കൂട്ടുകുടുംബ വളപ്പിൽ തന്നെ ഉണ്ടാക്കി വെച്ചിട്ടുള്ള ഊഞ്ഞാലിൽ ആടാൻ ഞങ്ങളെല്ലാം ഒത്തുചേരും. ആ ഊഞ്ഞാലിൽ ആരാണ് ഏറ്റവും ഉയരത്തിൽ ആടി ചെന്ന് അവിടെ കെട്ടിയിട്ടുള്ള നേന്ത്രപ്പഴം വായകൊണ്ട് കടിച്ചു വീഴ്ത്തുക അവർ ആകും ജേതാവ്. ഊഞ്ഞാലിൽ ശക്തിയോടെ ആട്ടിവിടാൻ മൂത്ത സഹോദരന്മാരും സഹോദരികളും ഉണ്ടാവും. അങ്ങിനെ ഊഞ്ഞാലാടി ഒരുവിധം തളർന്നാൽ പിന്നെ ഞങ്ങളുടെ അടുത്തുള്ള ഒരു ഒഴിഞ്ഞ പറമ്പ് ഉണ്ട്, അവിടെ ഞങ്ങളുടെ വീടുകളിൽ പണിക്കു വരുന്ന ആളുകളുടെ വീടുകളും ആൾമറ കെട്ടിയ ഒരു പൊതു കിണറുമൊക്കെയാണ്. അതിനടുത്തു തന്നെ ഒരു പൊതു വായനശാലയും ഉണ്ട്. അവിടെയുള്ള ആ ഒഴിഞ്ഞ പറമ്പിൽ അവർ ഓണം ആഘോഷിക്കുന്നത്, രണ്ടു ചേരിയായി തിരിഞ്ഞു “പുതു പുതു മച്ചാന് പെണ്ണുണ്ടോ….” എന്നുറക്കെ പാടി എതിർദിശയിൽ നിൽക്കുന്ന ഒരു പെൺകുട്ടിയെ തേടണം. പിന്നെ ആണുങ്ങൾ മാത്രമായി നാടൻ പാട്ടൊക്കെ പാടി അങ്ങോട്ടുമിങ്ങോട്ടും ഓടി ഓരോരുത്തരെ തൊട്ടാൽ, ഉടൻ മറ്റുള്ളവർക്ക് പിടി കൊടുക്കാതെ തിരികെ എത്തിയാൽ വിജയിക്കും; അല്ലെങ്കിൽ ഔട്ടാകും. ഏതാണ്ട് കബഡി കളിക്കുന്നപോലെ തന്നെയായിരുന്നു ഈ കളികൾ. അതുകഴിഞ്ഞ് ചെറുതായി ഒരു ഓണത്തല്ല് ഉണ്ടാവും. അതിൽ തടിമിടുക്കില്ലാത്തവരെ ഏതാണ്ടൊക്കെ ബലമായി ഉന്തിയും തള്ളിയുമൊക്കെ നിലത്ത് വീഴ്ത്തണം. അവസാനം ആര് വീഴാതെ അവശേഷിക്കുന്നുവോ അയാൾ വിജയി. അപ്പോഴേക്കും ഏതാണ്ട് വൈകീട്ട് 6 മണിയൊക്കെ ആയിക്കാണും. അതിനാൽ വീട്ടിലേക്ക് മടങ്ങി ഒരു കാപ്പിയും കൂടെ പലഹാരങ്ങൾ ഒക്കെ ചൂടോടെ കഴിച്ചു അങ്ങിനെ വിശ്രമിക്കും.
ചിലപ്പോൾ അന്ന് വൈകുന്നേരം എല്ലാവരും കൂടെ ഞങ്ങളുടെ ഗ്രാമത്തിലുള്ള ഒരു സിനിമ ടാക്കീസ് ഉണ്ട്, അതിൽ സിനിമയ്ക്കു പോകും. ഓണത്തിന് നല്ല സിനിമയായിരിക്കും വന്നിട്ടുണ്ടാവുക. ഉണ്ണിയാർച്ച, തച്ചോളി ഒതേനൻ, ശബരിമല ശ്രീ ശാസ്താവ്, അങ്ങനെ പ്രസിദ്ധമായ, ചിലപ്പോൾ ചരിത്രപരമായ സിനിമകളായിരിക്കും അവിടെ ഓണക്കാലത്ത് കളിച്ചു കൊണ്ടിരിക്കുന്നത്. വളരെ തിക്കും തിരക്കുമൊക്കെ ഉണ്ടാവുമെങ്കിലും മിക്കപ്പോഴും സിനിമയ്ക്ക് ടിക്കറ്റ് കിട്ടാറുണ്ട്.
സ്ത്രീകൾ നിൽക്കുന്ന ലൈനിൽ പോയി ഞങ്ങളുടെ സഹോദരിമാരിൽ ഒരാൾ ടിക്കറ്റ് എടുത്തു ഞങ്ങളെല്ലാം ഒരുമിച്ചു സിനിമക്ക് കയറും. ആറര ആകുമ്പോൾ സിനിമ തുടങ്ങും. ഓല മേഞ്ഞ സിനിമാ കൊട്ടകയിൽ തറ, ബെഞ്ച്, ചാരുബെഞ്ച്, ചെയർ എന്നിങ്ങിനെ സീറ്റുകൾ തരം തിരിച്ചിരിക്കും. അവയിൽ ചെയറിന് അധികം ആളുകൾ ഉണ്ടാവില്ല, കാരണം ഉയർന്ന ടിക്കറ്റ് നിരക്ക് കൊടുക്കണം. അങ്ങിനെ ആ സിനിമയും കണ്ടു, അപ്പോഴത്തേക്കും ഞങ്ങൾ സിനിമയ്ക്ക് പോകാൻ വാടകയ്ക്ക് വിളിച്ച അതേ ടാക്സി കാർ, ഞങ്ങളെയും കാത്ത് നിൽപ്പുണ്ടാവും. അതിൽ തന്നെ, കാൽ നടയിൽ പോകുന്ന ആളുകൾക്കിടയിലൂടെ ഗമയിൽ ആ കാറിൽ കയറി തിരിച്ച് വീ ട്ടിലോട്ടു വരും. പരിചയത്തിലുള്ള ആളുകൾ ശ്രദ്ധിക്കുന്നില്ലേ എന്നു പ്രതെയ്കം ഒളിക്കണ്ണിട്ട് നോക്കും! ഇനി അഥവാ ആ ടാക്സി കാർ വന്നില്ലെങ്കിൽ ഞങ്ങൾ ഏതാണ്ട് രണ്ടു കിലോമീറ്റർ ദൂരം മാത്രം നടന്ന് വീട്ടിലോട്ടു വരും. മിക്കപ്പോഴും നിലാവെളിച്ചം ഉള്ള രാത്രിയാവും അത്. അങ്ങിനെ നാട്ടുവിശേഷങ്ങളും പറഞ്ഞു പെട്ടെന്നു വീടെത്തും. ഇതൊക്കെയാണ് പഴയകാലത്തെ ഓണ വിശേഷങ്ങൾ എന്ന് പറയാനുള്ളത്. എന്തൊക്കെ പറഞ്ഞാലും ആ സിംഗപ്പൂരിൽ നിന്നും ലഭിച്ച ഓണപ്പുടവ ഒരു വലിയ സംഭവം തന്നെയായിരുന്നു. കാരണം അക്കാലത്ത് നാട്ടിൽ മറ്റു വീടുകളിലൊന്നും ഇതുപോലെ വിദേശ വസ്തുക്കൾ ലഭ്യമായിരുന്നില്ല; മാത്രവുമല്ല ഞങ്ങളുടെ തറവാട്ടിൽ വലിയച്ഛൻ സിംഗപ്പൂരിൽ നിന്നും കൊണ്ടുവന്ന ഒരു വലിയ ഫിലിപ്സ് ബ്രാൻഡ് റേഡിയോ മുകളിലെ വരാന്തയിൽ ഫിറ്റ് ചെയ്തു വച്ചിരുന്നു. ആ വരാന്തക്ക് വളരെ തുറസ്സായ ജനൽ ഉണ്ടായിരുന്നതും ആ റേഡിയോ താഴെ മുറ്റത്ത് നിന്ന് നോക്കിയാൽ കാണും വിധത്തിലും ആയിരുന്നു ഫിറ്റ് ചെയ്തു വെച്ചിരുന്നത്.
അന്നൊക്കെ അത് ഓൺ ചെയ്താൽ, സമീപ പ്രദേശങ്ങളിലെല്ലാം ഇതിൽ നിന്നുമുള്ള പ്രക്ഷേപണം ഒരു മൈക്കിലൂടെ എന്ന പോലെ കേൾക്കാം. അന്നത്തെ കാലത്ത് ഇത്തരം വലിയ സൈസിലുള്ള റേഡിയോ വേറെ ഒരു വീട്ടിലും ഇല്ലായിരുന്നു. തിരുവനന്തപുരം-തൃശൂർ-ആലപ്പുഴയിൽ നിന്നുമുണ്ടായിരുന്ന ആകാശവാണിയുടെ ആ പ്രക്ഷേപണത്തിലൂടെ വിവിധ പരിപാടികൾ, ഉദാഹരണത്തിന് വയലും വീടും, വാർത്തകൾ, യുവവാണി, നിങ്ങളുടെ കത്തുകൾ, കർഷകർക്കുള്ള പ്രത്യേകപരിപാടികൾ, പിന്നെ ഏറ്റവും പ്രിയപ്പെട്ട “നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ” നാടുമുഴുക്കെ കേൾക്കാമായിരുന്നു. നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ രാത്രി എട്ടു മണിക്കാണ് ആരംഭിക്കുക. അത് കേൾക്കാൻ ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള വീടുകളിലെ ആളുകളും കുറച്ചപ്പുറത്തെ കളിക്കളത്തിനു ചുറ്റുമുള്ള വീടുകളിലെ ആളുകളും അന്നേരം ശ്രദ്ധിച്ചിരിക്കുന്നുണ്ടാകും. ഇതൊക്കെ ഒരു വലിയ സംഭവം തന്നെയായിരുന്നു അക്കാലത്ത്. ഇന്ന് ആ വലിയച്ഛനോ ചെറിയച്ഛനോ ജീവിച്ചിരിപ്പില്ല…. അവരുടെ ആ സ്മരണയ്ക്കു മുന്നിൽ ഇതർപ്പിച്ചുകൊണ്ട് നിർത്തട്ടെ.
സസ്നേഹം,
ഇടത്തൊടി ഭാസ്കരൻ