ലഡാക് : കിഴക്കന്‍ ലഡാക്കിലുള്ള സ്പാന്‍ഗുര്‍ ഗ്യാപ്പില്‍ വന്‍ തോതില്‍ ആയുധ-സൈനിക വിന്യാസം നടത്തി ചൈന. ആയിക്കണക്കിന് സൈനികരോടൊപ്പം ടാങ്കുകളും, ഹൗവിറ്റ്സറുകളും പാന്‍ഗോങിന്റെ ദക്ഷിണ ഭാഗത്തുള്ള സ്പാങ്കുര്‍ ഗ്യാപ്പിന്റെ റൈഫിള്‍ റേഞ്ചില്‍ ചൈന വിന്യസിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പ്രദേശത്ത് ഇന്ത്യ അതീവ ജാഗ്രതയാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്പാങ്കുര്‍ ഗ്യാപ്പില്‍ പ്രകോപനപരമായ നീക്കങ്ങളാണ്‌ ചൈന നടത്തുന്നതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച്‌ ഇന്ത്യന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയാണ്‌ ചൈനയുടെ ലക്ഷ്യമെന്ന് വ്യക്തമായി അറിയാവുന്നതിനാല്‍ ചൈനയുടെ ഈ നീക്കത്തിന് പിന്നാലെ ഇന്ത്യയും സ്പാങ്കുര്‍ ഗ്യാപ്പില്‍ സൈനികരോടൊപ്പം ആയുധങ്ങളും വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുങ്‌, മാഗര്‍ മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് സ്പാങ്കുര്‍ ഗ്യാപ്പ്. ഇതിനു മുമ്പു  ആഗസ്റ്റ് 30 ന് പാംഗോങിന് സമീപമുള്ള ചുഷുലിലും ആയുധ-സൈനിക വിന്യാസം നടത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ചൈന ശ്രമിച്ചിരുന്നു.