കോഴിക്കോട്: സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അമ്മയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പതിമൂന്നുകാരന് ദാരുണാന്ത്യം. കക്കോടി കോട്ടൂപ്പാടം അത്താഴക്കുന്നുമ്മല്‍ ഷാജിയുടെ മകന്‍ അര്‍ജുന്‍ (13) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിക്ക് സമീപം ദേശീയ പാതയിലായിരുന്നു അപകടം.
– അമ്മ ശ്രീദേവിക്ക് ഒപ്പം കൊട്ടൂകരയിലെ വീട്ടിലേക്ക് പോവുകയായിരുന്നു അര്‍ജുന്‍. ശ്രീദേവിയായിരുന്നു സ്കൂട്ടര്‍ ഓടിച്ചിരുന്നത്. കെഎസ്‌ആര്‍ടിസി ബസ് കടന്നു പോകുന്നതിനായി വേഗത കുറച്ച് റോഡരികിലൂടെ പോവുകയായിരുന്ന സ്കൂട്ടറില്‍ പുറകില്‍ വന്ന ടിപ്പര്‍ ലോറി തട്ടുകയായിരുന്നു. ലോറിയുടെ മുന്‍ഭാഗം സ്കൂട്ടറിനെ മറികടന്ന ശേഷമാണ് തട്ടിയത്. നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്നും അമ്മയും മകനും തെറിച്ചു വീണു. ശ്രീദേവി റോഡിന്‍റെ ഇടതുവശത്തേക്കും മകന്‍ അര്‍ജുന്‍ റോഡിലേക്കുമാണ് വീണത്.
റോഡിലേക്ക് വീണ അര്‍ജുന്‍റെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. കുട്ടി അപകടസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ ശ്രീദേവിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. എതിര്‍വശത്തു നിന്നും വലിയ വാഹനങ്ങള്‍ വരാതിരുന്നിട്ടും ഡ്രൈവര്‍ റോഡരികിലൂടെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സിസിറ്റിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ലോറി കസ്റ്റഡിയിലെടുത്ത പൊലീസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കക്കോടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് അര്‍ജുന്‍. അച്ഛന്‍ ഷാജി കുവൈത്തിലാണ്. സഹോദരന്‍ അക്ഷയ് പ്ലസ് ടു വിദ്യാര്‍ഥിയാണ്.