ന്യൂജഴ്സി ∙ സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോൺസാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂലൈ രണ്ടു മുതല്‍ ജൂലൈ 11 വരെ ഭക്ത്യാദരപൂര്‍വം കൊണ്ടാടി. ജൂലൈ രണ്ടിന് വെള്ളിയാഴ്ച വൈകിട്ട് 7:30ന് ഇടവക വികാരി ഫാ. ആന്റണി സേവ്യര്‍ പുല്ലുകാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ ദിവ്യബലിയും, തുടര്‍ന്ന് നടന്ന കൊടികയറ്റത്തോടും കൂടെ 10 ദിവസം നീണ്ടു നില്ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു.
എല്ലാ ദിവസവും വിശുദ്ധ ദിവ്യബലിയും, വിശുദ്ധ അല്‍ഫോൺസാമ്മയുടെ നൊവേനയും, പ്രത്യേക നിയോഗങ്ങളോടെ പ്രാർഥനകളും, സ്നേഹവിരുന്നും വിവിധ കുടുംബ വാര്‍ഡുകളുടെ നേതൃത്വത്തില്‍ നടന്നു. സിഡിസി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിന്നു ഈ വര്‍ഷത്തെയും തിരുനാള്‍ ആഘോഷങ്ങള്‍ നടന്നത്. ഒമ്പതു ദിവസങ്ങളില്‍ നടന്ന നൊവേനയിലും പ്രാർഥനാ ചടങ്ങുകളും നൂറുകണക്കിന് ഇടവകാംഗങ്ങള്‍ പങ്കെടുത്തു.
കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്ക്കുന്നതുമൂലം വിശുദ്ധന്റെ പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 11ന് ഞായറാഴ്ച മൂന്ന് ദിവ്യ ബലികളിലായി ചടങ്ങുകള്‍ നിയന്ത്രിച്ചു. ജൂലൈ പതിനൊന്നിന് ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക് രൂപ പ്രതിഷ്ഠയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ആഘോഷപൂര്‍ണ്ണമായ പാട്ടുകുര്‍ബാന ഷിക്കാഗോ രൂപതയുടെ അഭിവന്ദിയ പിതാവ് മാര്‍. ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു.
ഷിക്കാഗോ രൂപത പ്രൊക്യൂറേറ്റര്‍ വെരി റവ ഫാ.കുരിയന്‍ നേടുംവേലിചാലുങ്കല്‍, റവ ഫാ. ഫിലിപ്പ് വടക്കേക്കര, ഇടവക വികാരി വെരി.റവ.ഫാ. ആന്റണി സേവ്യര്‍ പുല്ലുകാട്ട് എന്നിവര്‍ സഹകാര്‍മികരായി.
ദിവ്യബലി മദ്ധ്യേ അഭിവന്ദിയ പിതാവ് മാര്‍. ജേക്കബ് അങ്ങാടിയത്ത് വിശുദ്ധ യോഹന്നാന്റെ സുവിശേഷം 20:1929 തിരുവചനങ്ങള്‍ ഇടവകാംഗങ്ങളുമായി പങ്കുവെച്ചു. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ശബ്ദമായി മാറിയ മനുഷ്യാവകാശ പ്രവര്ത്തകന് ഫാ. സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഷിക്കാഗോ രൂപതയിലെ വിശ്വാസി സമൂഹത്തിന്റെ പേരിലുള്ള ദുഃഖവും അനുശോചനവും അറിയിച്ചു.
‘കിളിയെ കൂട്ടിലടച്ചാലും അത് പാടും’ എന്ന സ്റ്റാന്‍ സ്വാമി അച്ചന്റെ മഹത്തായ വാക്കുകള്‍ തന്നെ ഉദ്ധരിച്ചുകൊണ്ടുള്ള സന്ദേശവും നല്കി. ജീവിതം മുഴുവന്‍ പാവപ്പെട്ടവരുടേയും, സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉന്നമനത്തിനു വേണ്ടി പടപൊരുതി രക്തസാക്ഷിയായി മാറിയ ഫാ. സ്റ്റാന്‍ സ്വാമിക്കുവേണ്ടി പ്രാർഥിക്കുവാനും, അദ്ദേഹം തുടങ്ങിവെച്ച പ്രേക്ഷിതപ്രവര്‍ത്തനങ്ങള്‍ നമ്മുടെ ജീവിതത്തിലും തുടര്‍ന്ന് കൊണ്ടുപോകുവാനും വിശുദ്ധ തോമാശ്ലീഹായുടെയും, അല്‍ഫോന്‍സാമ്മയുടെയും തിരുനാളിലൂടെ നമ്മെയും ക്ഷണിക്കുകയാണ് എന്ന് തന്റെ തിരുനാള്‍ സന്ദേശത്തിലൂടെ ഇടവകാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.
ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും, അടിമ സമര്‍പ്പണവും നടന്നു. തുടര്‍ന്ന് ഇടവകയില്‍ വിശ്വാസ പരിശീലനത്തില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയ കുട്ടികളെ അനുമോദിക്കുകയും അവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
ഇടവകയിലെ ഗായക സംഘം ആലപിച്ച ഗാനങ്ങള്‍ തിരുനാള്‍ ആഘോഷങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി.



