മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അയൽക്കാർ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിബിഐയ്ക്ക് പരാതി നൽകി ബോളിവുഡ് താരം റിയ ചക്രബർത്തി. അന്വേഷണ സംഘത്തെ അയൽക്കാർ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും റിയ പരാതിയിൽ ആരോപിക്കുന്നു. മാദ്ധ്യമങ്ങൾ സ്വന്തം താത്പര്യങ്ങൾക്കായി വ്യാജകഥകൾ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സുശാന്ത് ജൂൺ 13 ന് റിയയെ കാറിൽ കയറ്റി വീട്ടിൽ കൊണ്ടു വിട്ടു എന്നുള്ള അയൽവാസിയുടെ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് സിബിഐയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. ഇത്തരം പെരുമാറ്റം കുറ്റകരമാണെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
ലഹരി മരുന്ന് കേസിൽ കഴിഞ്ഞ ദിവസമാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്. അറസ്റ്റിലായതിന് ശേഷം ഏതാണ്ട് ഒരു മാസത്തിന് ശേഷമാണ് റിയയക്ക് ജാമ്യം ലഭിച്ചത്. ഇക്കഴിഞ്ഞ സെപ്തംബർ എട്ടിനാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ലഹരിമരുന്ന് കേസിൽ റിയയെ അറസ്റ്റ് ചെയ്തത്.



