ദില്ലി: സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ താരലോബിക്ക് നേരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. സല്‍മാന്‍ ഖാനെതിരെയും പ്രതികരണം ശക്തമായിരുന്നു. ഇതിന് പിന്നാലെ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. സുശാന്തിന്റെ ആരാധകരെയും കുടുംബത്തെയും ഈ അവസരത്തില്‍ തന്റെ ആരാധകര്‍ പിന്തുണയ്ക്കണമെന്ന് സല്‍മാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരിക്കലും എനിക്കെതിരെ ഉപയോഗിച്ച വാക്കുകളോ ശാപങ്ങളോ പോലെയാവരുത് അത്. പകരം അതിന് പിന്നിലുള്ള വൈകാരികമായ കാര്യങ്ങള്‍ക്കൊപ്പമാണ് നാം നില്‍ക്കേണ്ടത്. കാരണം അവരുടെ നഷ്ടം വളരെയധികം വലുതായിരിക്കുമെന്നും സല്‍മാന്‍ കുറിച്ചു.
അതേസമയം സല്‍മാന്‍ ഖാന്‍ അടക്കമുള്ളവര്‍ സുശാന്തിനെ മാറ്റിനിര്‍ത്തിയിരുന്നു എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയിലെ ആക്രമണം. കഴിഞ്ഞ ദിവസം കരണ്‍ ജോഹറിനെയും ആലിയ ഭട്ടിനെയും നിരവധി പേര്‍ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തിരുന്നു. ഇവരുടെ മുമ്ബുള്ള പ്രസ്താവനകള്‍ സുശാന്തിനെതിരാണ് എന്നായിരുന്നു കാരണം. സുശാന്ത് മരിച്ച ആ ദിവസം പ്രതികരണം നടത്തിയിരുന്നു കരണ്‍ ജോഹര്‍. എന്നാല്‍ ഇത് മുതലക്കണ്ണീര്‍ ആണെന്ന് സോഷ്യല്‍ മീഡിയ തുറന്നടിച്ചിരുന്നു.
ദബംഗിന്റെ സംവിധായകന്‍ അഭിനവ് കശ്യപ് നടത്തിയ വെളിപ്പെടുത്തലുകളാണ് സല്‍മാന്‍ ഖാനെ പ്രതിരോധത്തിലാക്കിയത്. തന്റെ കരിയര്‍ തകര്‍ത്തത് സല്‍മാനും കുടുംബവും ചേര്‍ന്നാണെന്ന് കശ്യപ് ആരോപിച്ചിരുന്നു. ദബംഗിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതില്‍ നിന്ന് താന്‍ പിന്‍മാറിയത്, ഇവര്‍ തന്റെ സിനിമയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് കൊണ്ടാണെന്നും കശ്യപ് പറഞ്ഞു. കഴിഞ്ഞ ദിവസം പുതിയ ആരോപണങ്ങളും കശ്യപ് ഉന്നയിച്ചിരുന്നു. ബിയിംഗ് ഹ്യൂമന്‍ എന്ന സല്‍മാന്റെ സന്നദ്ധ സംഘടന വഴി അനധികൃത പണമിടപാടുകളാണ് നടക്കുന്നതെന്നും, കള്ളപണം വെളുപ്പിക്കുകയാണെന്നും കശ്യപ് ആരോപിച്ചിരുന്നു.
അതേസമയം അഭിനവിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സല്‍മാന്‍ ഖാന്‍ സഹോദരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. സൊഹൈല്‍ ഖാന്‍ സല്‍മാനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ്. കശ്യപിന് പരാതികളുണ്ടെങ്കില്‍ എന്തുകൊണ്ട് തങ്ങളെ സമീപിച്ചില്ലെന്ന് സിനി എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അശോക് ദുബെ ചോദിച്ചു. ഈ വിഷയം പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നു. കശ്യപ് ഡയറക്ടേഴ്‌സ് അസോസിയേഷനിലെ ഒരംഗമാണ്. എന്തുകൊണ്ട് ആ സംഘടനയില്‍ പരാതിപ്പെട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ദുബെ പറഞ്ഞു. അര്‍ബാസ് ഖാന്‍ സംഘടനയ്ക്ക് കത്തയിച്ചിട്ടുണ്ട്. കശ്യപിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.



