ന്യൂഡല്‍ഹി: സുശാന്ത് സിങ് രജ്പുത് കേസിലെ മുഴുവന്‍ തെളിവുകളും മുംബൈ പൊലീസ് സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് സി.ബി.ഐ സംഘം രേഖകള്‍ കൈപ്പറ്റിയത്. രേഖപ്പെടുത്തിയ 56 മൊഴികളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ മുംബൈ പൊലീസ് സി.ബി.ഐക്ക് കൈമാറുക.
മൊഴികള്‍ക്കൊപ്പം സുശാന്തിന്‍െറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അദ്ദേഹത്തിന്‍െറ മൂന്ന് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പൊലീസ് സി.ബി.ഐ സംഘത്തിന് നല്‍കും. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ സുശാന്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ബെഡ് ഷീറ്റ്, പുതപ്പ്, അവസാനമായി ജ്യൂസ് കുടിച്ചു വെച്ച പാത്രം, മൊബൈല്‍ സി.ഡി.ആര് വിശകലനം, ബാന്ദ്ര പൊലീസിന്‍െറ കേസ് ഡയറി, സ്പോട്ട് ഫോറന്‍സിക് റിപ്പോര്‍ട്ട്, കെട്ടിടത്തിലെ സി.സി.ടി.വി കാമറയില്‍ ജൂണ്‍ 13, 14 തീയതികളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തുടങ്ങിയ തെളിവുകളും സി.ബി.ഐ സംഘത്തിന് കൈമാറും.
എസ്.പി നൂപുര്‍ പ്രസാദ് നയിക്കുന്ന 10 അംഗ സി.ബി.ഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യാഴാഴ്ചയാണ് സംഘം മുംബൈയിലെത്തിയത്. മുംബൈയില്‍ എത്തിയ സിബിഐ സംഘം പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീഴ്ചപറ്റിയോ എന്നറിയാനുള്ള ശ്രമങ്ങളാണ് ആദ്യം ആരംഭിച്ചത്. ഇതുവരെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.സി.പി അഭിഷേക് ത്രിമുഖേയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞ സംഘം സുശാന്തിന്റെ പരിചാരകനില്‍ നിന്ന് മൊഴി രേഖപ്പെടുത്തി.
സുശാന്തിന്റെ മരണം ചലച്ചിത്ര മേഖല കടന്ന് രാഷ്ട്രീയ സംവാദമായ സാഹചര്യത്തില്‍ കരുതലോടെയും രഹസ്യ സ്വഭാവം നിലനിര്‍ത്തിയും കേസ് അന്വേഷിക്കാനാണ് സിബിഐയുടെ തീരുമാനം.



