മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ബാങ്ക് അക്കൗണ്ടിന്റെ ഫോറന്‍സിക് ഓഡിറ്റ് പൂര്‍ത്തിയായി. സുശാന്തിന്റെ മരണത്തിന്റെ പേരില്‍ ഏറെ വിവാദത്തിലായ നടി റിയ ചക്രബര്‍ത്തിയുടെ അക്കൗണ്ടിലേക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സുശാന്തിന്റെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ മുംബൈ പോലീസിന് കത്ത് നല്‍കിയിരുന്നു.
ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുശാന്തിന്റെ പിതാവ് കെ.കെ സിംഗിന്റെ മൊഴിയെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തന്നെയാണ് കെ.കെ സിംഗിന്റെ മൊഴിയെടുത്തത്. നേരത്തെ സുശാന്തിന്റെ സഹോദരി മീട്ടു സിംഗിന്റെ മൊഴിയും പോലീസ് എടുത്തിരുന്നു. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ കൈമാറ്റം ചെയ്തുവെന്ന് ആരോപിച്ചാണ് പിതാവ് പരാതി നല്‍കിയത്.



