നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത് ആവശ്യപ്പെട്ടു. ‘സുശാന്തിനോട് എല്ലാ ആദരവുമുണ്ട്. അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ട്, എന്റെ കരിയറിന് അദ്ദേഹത്തോടാണ് കടപ്പെട്ടിരിക്കുന്നത്, ത്രീ ഇഡിയറ്റ്‌സിനു ശേഷം മറ്റൊരു സിനിമ ലഭിക്കാതിരുന്ന സമയത്താണു കൈ പോ ചെ നിര്‍മിക്കപ്പെടുന്നത്. പക്ഷേ ഞങ്ങള്‍ക്ക് ഇന്ത്യയെയും പരിഗണിക്കേണ്ടതുണ്ട്. മാസങ്ങളോളം പ്രൈം ടൈമിനുള്ള വിഷയമായി ഈ കേസിനെ കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ രാജ്യത്തിനും അവരുടെ സമ്പദ് വ്യവസ്ഥയില്‍ പ്രശ്നങ്ങളുണ്ട്. ഉത്തരവാദിത്തമുള്ള ഓരോ രാജ്യവും അതില്‍നിന്നു പുറത്തുകടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നമ്മുടെ ശ്രദ്ധ അങ്ങോട്ടു മാറ്റേണ്ടതുണ്ട്. സുശാന്ത് കേസില്‍ എല്ലാമുണ്ട്. കൊലപാതക ആരോപണം, ആത്മഹത്യ, സിനിമാതാരങ്ങള്‍, ഗൂഢാലോചന സിദ്ധാന്തങ്ങള്‍, രാഷ്ട്രീയം. പക്ഷേ എത്ര വിനോദമൂല്യം ഉള്ളതാണെങ്കിലും ഇതൊരു കഥയല്ല, യഥാര്‍ഥ ജീവിതമാണ്. ഒന്നുകില്‍ സിബിഐയെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കുക അല്ലെങ്കില്‍ നിങ്ങള്‍ക്കു സിബിഐ ആവശ്യമില്ലെന്നു പറയുക എന്നും ചേതന്‍ ഭഗത് കൂട്ടിച്ചേര്‍ത്തു.