സുവിശേഷത്തിന്റെ വിത്തുകൾ ഫലം പുറപ്പെടുവിക്കാൻ സമയമെടുക്കുമെന്ന് ഫ്രാൻസിസ് പാപ്പ. ഞായറാഴ്ചയിലെ ആഞ്ചലൂസ് പ്രാർഥനയ്ക്കിടെ നൽകിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

“വിതയ്ക്കുമ്പോൾ, കർഷകൻ എത്ര നല്ലതോ, സമൃദ്ധമായതോ ആയ വിത്ത് വിതറിയാലും അല്ലെങ്കിൽ അവൻ എത്ര നന്നായി നിലമൊരുക്കിയാലും ചെടികൾ ഉടനടി മുളയ്ക്കില്ല; അതിന് സമയമെടുക്കും. വിത്ത് മുളയ്ക്കാൻ സമയമെടുക്കുമ്പോൾ അതിനുപിന്നിലെ അത്ഭുതം പുരോഗമിക്കുകയാണ്. ഒരുപക്ഷേ, അത് അദൃശ്യമാണ്. അതിന് ക്ഷമ ആവശ്യമാണ്. അതിനിടയിൽ ഉപരിതലത്തിൽ ഒന്നും സംഭവിക്കുന്നില്ലെന്നു തോന്നുന്നുവെങ്കിലും നിലം പരിപാലിക്കുകയും നനയ്ക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അതുപോലെ, ദൈവരാജ്യത്തിന് ക്ഷമ ആവശ്യമാണ്. അത് വളരാൻ സമയമെടുക്കുന്നതിനാൽ ആത്മവിശ്വാസത്തോടെ കാത്തിരിക്കേണ്ടതുണ്ട്” – ഫ്രാൻസിസ് മാർപാപ്പ വിശദീകരിച്ചു.

“കർത്താവ് തന്റെ വചനത്തിന്റെയും കൃപയുടെയും വിത്തുകളും നല്ലതും സമൃദ്ധവുമായ വിത്തുകളും നമ്മിൽ സ്ഥാപിക്കുന്നു. ഒരു പിതാവിന്റെ ആത്മവിശ്വാസത്തോടെ അവൻ നമ്മെ പരിപാലിക്കുന്നതു തുടരുന്നു. എന്നാൽ, അവൻ നമുക്ക് സമയം നൽകുന്നു. അങ്ങനെ വിത്തുകൾ തുറക്കുകയും വളരുകയും നല്ല പ്രവൃത്തികളുടെ ഫലം കായ്ക്കുന്ന നിലയിലേക്ക് വളരുകയും ചെയ്യുന്നു” – അദ്ദേഹം പറഞ്ഞു.

നാം എവിടെയായിരുന്നാലും ആത്മവിശ്വാസത്തോടെ സുവിശേഷം വിതയ്ക്കാനും വിതച്ച വിത്ത് നമ്മിലും മറ്റുള്ളവരിലും വളരാനും ഫലം കായ്ക്കാനും കാത്തിരിക്കാനും തന്റെ മാതൃകയിലൂടെ കർത്താവ് നമ്മെ പഠിപ്പിക്കുന്നുവെന്നും പാപ്പ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.