പി.പി. ചെറിയാന്
ന്യൂയോർക്ക് ∙ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതീയ വിദ്യാഭവൻ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി സൂധീർ വൈഷ്ണവിനെ നിയമിച്ചതായി സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യുഎസ്സിലെ ഭാരതീയ വിദ്യാഭവന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്ന ഉത്തരവാദിത്തമാണ് സുധീറിൽ നിക്ഷിപ്തമായിരിക്കുന്നത്.
2008 മുതൽ 2020 വരെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ദീപക് ഡേവിന്റെ സ്ഥാനത്താണ് വൈഷ്ണവ് നിയമിതനായിരിക്കുന്നത്.ബോർഡിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇന്ത്യൻ സംസ്ക്കാരം നിലനിർത്തുന്നതിനും തന്നാലാവുംവിധം പ്രവർത്തിക്കുമെന്ന് പുതിയതായി ചുമതലയേറ്റ ഡയറക്ടർ പറഞ്ഞു. സംഘടനാതലത്തിൽ അർപ്പിച്ച വിശ്വാസത്തിന് പ്രത്യേക കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
1981 ലാണ് ഭാരതീയ വിദ്യാഭവന്റെ പ്രവർത്തനങ്ങൾ അമേരിക്കയിൽ ആരംഭിച്ചത്. കെ. എം. മുൻഷിയായിരുന്നു സംഘടനയുടെ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഡോ. പി. ജയറാമനായിരുന്നു ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടർ.
മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും, ഇന്ത്യൻ കല, സംസ്ക്കാരം, പൈതൃകം എന്ന പുത്തൻതലമുറയെ പരിചയപ്പെടുത്തുക എന്നതും പ്രധാന ലക്ഷ്യങ്ങളായിരുന്നു.
40–ാം വാർഷികം ആഘോഷിക്കുന്ന 2021 ൽ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും പുതിയ ഡയറക്ടർ അറിയിച്ചു. ഇന്ത്യയിൽ ഭാരതീയ വിദ്യാഭവന്റെ 119 സെന്ററുകളാണ് പ്രവർത്തിക്കുന്നത്.