മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ സി.എം.ആർ.എൽ കമ്പനിക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി. അന്വേഷണത്തിനെതിരെയുള്ള സി.എം.ആർ.എല്ലിന്റെ ഹർജി കോടതി തള്ളി.
കമ്പനിയുടെ ഇടപാടുകളിലെ ഇ.ഡി അന്വേഷണം റദ്ദാക്കാൻ വിസമ്മതിച്ച സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ വി, കെ.വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു.
’ബാർ ആൻഡ് ബെഞ്ച്’ റിപ്പോർട്ട് പ്രകാരം, ഒരു പ്രെഡിക്കേറ്റ് കുറ്റകൃത്യമോ അല്ലെങ്കിൽ ഷെഡ്യൂൾഡ് കുറ്റകൃത്യമോ രജിസ്റ്റർ ചെയ്യാതെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിക്ക് നടപടികൾ ആരംഭിക്കാൻ കഴിയില്ലെന്നാണ് സി.എം.ആർ.എൽ വാദിച്ചത്. കൂടാതെ, അന്വേഷണത്തിന് ആധാരമായ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നും കമ്പനി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.



