എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) നൽകിയ ഹർജിയിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സിഎംആർഎല്ലിനെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയാണ് കോടതിയുടെ ഈ നിർദേശം.
അതേസമയം ഡിവിഷൻ ബെഞ്ചിൽ സിഎംആർഎല്ലിൻ്റെയും ഇഡിയുടേയും വാദം പൂർത്തിയായിട്ടുണ്ട്. വെള്ളിയാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിപ്പിക്കും. അതുവരെ കേസിൽ തുടർനടപടി പാടില്ലെന്ന് ഇഡിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണവുമായി ചേർത്താണ് ഈ കേസും നിലനിൽക്കുന്നത്. വിഷയത്തിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളും വിശദമായിത്തന്നെ കേൾക്കുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇഡി അന്വേഷണം റദ്ദാക്കാൻ വിസമ്മതിച്ച സിംഗിൾ ജഡ്ജിയുടെ വിധിക്കെതിരെ സിഎംആർഎൽ സമർപ്പിച്ച അപ്പീൽ ഹർജിയാണ് പരിഗണിച്ചത്.



