സംസ്ഥാനത്ത് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം നാളെ കടകള്‍ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

കോഴിക്കോട് കലക്ടര്‍ ഡോ. നരസിംഹ ഗാരി തേജ് ലോഹിത റെഡ്ഡിയുമായാണു വ്യാപാരികള്‍ ചര്‍ച്ച നടത്തിയത്. മന്ത്രി എകെ ശശീന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കെടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുത്തില്ല.

പെരുന്നാള്‍ വരെ 24 മണിക്കൂറും കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും ബാക്കി കാര്യം പിന്നീട് ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്നുമായിരുന്നു വ്യാപാരികള്‍ സര്‍ക്കാരിനു മുന്നില്‍ വച്ച നിര്‍ദേശം.എന്നാല്‍, സര്‍ക്കാര്‍ തീരുമാനം പാലിക്കണമെന്നും സമരത്തില്‍നിന്ന് പിന്മാറണമെന്ന് കലക്ടര്‍ വ്യാപാരികളെ അറിയിച്ചു. കടകള്‍ തുറന്നാല്‍ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി നേതാകക്കള്‍ ചര്‍ച്ചയ്ക്കു ശേഷം പറഞ്ഞു. കോഴിക്കോട്ടു മാത്രം തീരുമാനമെടുത്തിട്ട് കാര്യമില്ലെന്നും ചര്‍ച്ചയിലെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.