തന്റെ ഫോമിനെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ രണ്ട് ടെസ്റ്റുകളിലെ ആദ്യ മൂന്ന് ഇന്നിങ്സുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ രഹാനെയ്ക്ക് കഴിഞ്ഞില്ല. അത് അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ചും താഴ്ന്ന ഓര്‍ഡറിലെ സമ്മര്‍ദ്ദത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ പരമ്ബരയിലെ തന്റെ നാലാം ഇന്നിംഗ്സില്‍ അദ്ദേഹം തന്റെ വിമര്‍ശകര്‍ക്ക് മികച്ച രീതിയില്‍ മറുപടി നല്‍കി. ലോര്‍ഡ്സില്‍ 4 ആം ദിവസം 145 പന്തുകളില്‍ നിന്ന് താരം 62 റണ്‍സ് നേടി.

“ആളുകള്‍ എന്നെക്കുറിച്ച്‌ സംസാരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ആളുകള്‍ പ്രധാനപ്പെട്ട ആളുകളെക്കുറിച്ച്‌ സംസാരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, എനിക്ക് അതിനെക്കുറിച്ച്‌ വലിയ ആശങ്കയില്ല. പ്രധാനം ടീമിന് സംഭാവന ചെയ്യുക എന്നതാണ്. സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കും പൂജാരയ്ക്കും അറിയാം. എനിക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ആശങ്കപ്പെടുന്നില്ല, “ലീഡ്സിലെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള ഒരു വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ രഹാനെ പറഞ്ഞു.

“ഇത് ശരിക്കും സംതൃപ്തികരമായിരുന്നു, ഞാന്‍ എല്ലായ്പ്പോഴും ടീമിന് എന്ത് സംഭാവന ചെയ്യാം എന്നതില്‍ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ടീമിനെക്കുറിച്ച്‌ ഞാന്‍ എപ്പോഴും ചിന്തിക്കുന്നു. ടീം പ്രകടനം എല്ലായ്പ്പോഴും ആത്യന്തിക ലക്ഷ്യമാണ്, “അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രഹാനെയും, ഇന്ത്യയുടെ മൂന്നാം നമ്ബര്‍ ചേതേശ്വര്‍ പൂജാരയും നാലാം ദിനം ഇംഗ്ലണ്ടിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുന്നത് വരെയുള്ള സമയത്ത് 56 റണ്‍സ് എടുക്കുന്നതിനിടയില്‍ സന്ദര്‍ശകര്‍ക്ക് അവരുടെ ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 100 റണ്‍സ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. പൂജാര 206 പന്തില്‍ 45 റണ്‍സും രഹാനെ 146 പന്തില്‍ 61 റണ്‍സും നേടി. രണ്ട് ബാറ്റ്സ്മാന്മാരും റണ്‍സിനായി പരിശ്രമിക്കുകയും ഫോമില്‍ തിരിച്ചെത്താനുള്ള ഉത്സാഹവും നിശ്ചയദാര്‍ഢ്യവും കാണിക്കുകയും ചെയ്തു അന്ന്.

“ആളുകള്‍ പൂജാരയുടെ പതിയെയുള്ള ബാറ്റിംഗിനെക്കുറിച്ച്‌ സംസാരിക്കുന്നു, പക്ഷേ അദ്ദേഹം 200 പന്തില്‍ കൂടുതല്‍ കളിച്ച ആ ഇന്നിംഗ്സ് ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ഞങ്ങളുടെ ആശയവിനിമയം വളരെ മികച്ചതായിരുന്നു, ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, “രഹാനെ വിശദീകരിച്ചു.

ഹെഡിംഗ്‌ലി ടെസ്റ്റിന് മുന്നോടിയായി, വിരാട് കോലിയുടെ നായകത്വത്തിലുള്ള ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ബുധനാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനായി ലീഡ്‌സില്‍ എത്തി. പരിശീലന സെഷനില്‍ നിന്നുള്ള ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ കോഹ്ലി, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, രഹാനെ തുടങ്ങിയവരുടെ പരിശീലന ദൃശ്യങ്ങളാണ് ഇവയിലുള്ളത്.

ഗ്രൗണ്ടിലെ വ്യത്യസ്ത സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ ടീം പദ്ധതിയിടുന്നുവെന്ന് ചോദിച്ചപ്പോള്‍ രഹാനെ പറഞ്ഞത് “സാഹചര്യങ്ങളെക്കുറിച്ച്‌ അധികം ചിന്തിക്കുന്നില്ല,” എന്നാണ്. “എല്ലാ കളിക്കാരും നല്ല മാനസികാവസ്ഥയിലാണ്, ഇതെല്ലാം ആത്മവിശ്വാസത്തെയും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനെയും ആശ്രയിച്ചിരിക്കുന്നു, ” രഹാനെ പറഞ്ഞു.