ഫിലഡല്‍ഫിയ ∙ ജീവിതാന്ത്യംവരെ നീതിയ്ക്കും സത്യത്തിനുംവേണ്ടി ആത്മീക പ്രതിഭയോടെ നിലകൊണ്ട പരിശുദ്ധ കാതോലിക്ക മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് രണ്ടാമന്‍റെ വിയോഗദുഃഖം ആശ്വാസ വാക്കുകളില്‍കൂടിയോ ആത്മീക സിദ്ധാന്തങ്ങളില്‍കൂടിയോ ഉള്ള സമാശ്വാസം അസാധ്യമാണ്. സുദീര്‍ഘമായ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചരിത്രത്തില്‍ അനിയന്ത്രിതവും അവിശ്വസനീയവുമായ ഹീനപ്രവര്‍ത്തനങ്ങളും പ്രശ്നങ്ങളും ഉണ്ടായപ്പോഴും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുവാന്‍വേണ്ടിയുള്ള ഉദ്യമങ്ങളും സധൈര്യം സഹിച്ച് സഭയെ നയിക്കുവാനുള്ള കരുത്തും ബുദ്ധിയും യഥോചിതം അദ്ദേഹം വിനിയോഗിച്ചു.

വിശുദ്ധിയുടെ വഴിയിലൂടെ വിശ്വാസികളെ നയിക്കുവാനും സൗമ്യമായും ശാന്തമായും പ്രശ്നങ്ങളും പരിഭവങ്ങളും ശ്രവിച്ചു പുഞ്ചിരിപൂര്‍വ്വം പരിഹാരം പറഞ്ഞു പഠിപ്പിക്കുവാനുമുള്ള പരിശുദ്ധ ബാവായുടെ മികവ് അളവറ്റതായിരുന്നു. അരാധനാലാപനങ്ങളും അചാരാനുഷ്ഠാനങ്ങളും പരിപാവനമായി പരിരക്ഷിക്കുവാന്‍ അദ്ദേഹം പ്രകടിപ്പിച്ച ആത്മാർഥത അവാച്യമാണ്. പരിശുദ്ധ ബാവായുടെ സഭയ്ക്കും സമൂഹത്തിനുമായി സമര്‍പ്പിച്ച അര്‍പ്പണ ജീവിത കാലഘട്ടത്തിലെ അരാധനകളും ഉപദേശ ശകലങ്ങളും എക്കാലവും മഹാത്മ്യവും മഹനീയവുമായിരിക്കും.

നാലുദിവസം നീണ്ടുനിന്ന സുദീര്‍ഘമായ അമേരിക്കയിലെ യൂത്ത് ആന്‍ഡ് ഫാമിലി സമ്മേളനത്തില്‍ ഓരോ ദിവസവും പരിശുദ്ധ ബാവാ വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ അർഥവത്തായ പ്രസംഗങ്ങളും ഉപദേശങ്ങളും തികച്ചും ആത്മാർഥമായും ആകര്‍ഷണീയമായിരുന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന രണ്ടാം തലമുറക്കാരായ യുവതീ യുവാക്കള്‍ക്കുവേണ്ടി ശുദ്ധമായ ഇംഗ്ലീഷിലും മലയാളത്തിലും നടത്തിയ ക്ലാസ്സുകളിലും പ്രഭാഷണങ്ങളിലും ഇന്ത്യന്‍ സംസ്കാരവും പാരമ്പര്യവും അദ്ദേഹം വിശദീകരിക്കുകയും ഭാവിജീവിതത്തില്‍ ഉത്തമ വ്യക്തിത്വം പുലര്‍ത്തണമെന്നുള്ള ആഹ്വാനവും നടത്തി. തിരക്കേറിയ അമേരിക്കന്‍ ജീവിതത്തില്‍നിന്നുമുള്ള മുക്തിയായി പരിശുദ്ധ ബാവായുടെ സാന്നിദ്ധ്യവും പ്രസംഗങ്ങളും സദസ്യരെ സമാശ്വാസത്തിനും ആത്മീക ഉണര്‍വ്വിനും ഉത്തമമായിരുന്നു.

പല സംഘടനകളും സമൂഹങ്ങളും മതനേതാക്കളും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ നടത്തുന്ന ചിട്ടയില്ലാത്ത കുറ്റകരമായ വഞ്ചനകളെ പരസ്യമായി എതിര്‍ക്കുകയും അര്‍ഹരായ സാധുക്കളെ സംരക്ഷിക്കുവാനും സഹായിക്കുവാനും വന്‍ ജനാവലിയുള്ള മീറ്റിംഗുകളില്‍ ആവശ്യപ്പെടുകയും സ്വന്തമായി സാധുജനതയെ സഹായിക്കുന്നതിലും അദ്ദേഹം സത്വര ശ്രദ്ധ ചെലുത്തിയിരുന്നു.

അമേരിക്കന്‍ ഭദ്രാസനത്തിലെ ഒരു പള്ളിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരണത്തിനു മുന്‍പായി 2019 സെപ്റ്റംബര്‍ 29ന് പരിശുദ്ധ ബാവാ സമക്ഷം ഈ ലേഖകന്‍ സമര്‍പ്പിച്ചു. ശ്രദ്ധാപൂര്‍വ്വം ഉച്ചത്തില്‍ പൂര്‍ണ്ണ വാര്‍ത്ത വായിച്ചശേഷം സത്യസന്ധമാണെന്ന് തെളിയിക്കുന്ന സകല സപ്പോര്‍ട്ടിംഗ് ഡോക്യുമെന്‍റുകളും കണ്ടശേഷം ഉടനെതന്നെ പ്രസിദ്ധീകരിക്കുവാനുള്ള അനുമതിയും അദ്ദേഹം നല്‍കി.

സുദീര്‍ഘമായ മീറ്റിംഗിലെ നിശബ്ദ ശ്രോദ്ധാവായ അദ്ദേഹത്തിന്‍റെ സെക്രട്ടറിക്കു ആവശ്യാനുസരണം രണ്ടു കോപ്പികള്‍ കൊടുത്തു. ആയിരക്കണക്കിനു പള്ളികളും 30 തില്‍പ്പരം ഭദ്രാസനങ്ങളുമുള്ള ഓര്‍ത്തഡോക്സ് സഭാമേലധികാരിയായ പരിശുദ്ധ ബാവായുടെ കര്‍ത്തവ്യ ബോധത്തിലും ഇച്ഛാഭംഗത്തിലും ഉപരിയായി സാമ്പത്തിക തട്ടിപ്പ് ഒരു ദേവാലയങ്കണത്തില്‍ നടന്നതിലുള്ള മാനസിക ക്ലേശം തികച്ചും പ്രകടമായിരുന്നു. ഭദ്രാസനാധിപനെ പൂര്‍ണ്ണ വിവരങ്ങള്‍ ധരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും സഭാ നിയമാനുസരണമുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് ഉറപ്പുനല്‍കി.

11 വര്‍ഷത്തെ സഭാനേതൃത്വത്തില്‍ നിലകൊണ്ടുള്ള സല്‍പ്രവര്‍ത്തികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വിശാലമായ സൗഹൃദ സമൂഹവുമായുള്ള ആത്മബന്ധവും യഥോചിതം പരിശുദ്ധ ബാവാ പരിരക്ഷിച്ചു. പ്രസക്തിയുടെയും പ്രശംസകളുടേയും മുഖ്യാസനത്തില്‍ നിലകൊണ്ടിട്ടും അദ്ദേഹം അശേഷം അഹങ്കാരം ഇല്ലാതെ സഹപ്രവര്‍ത്തക സംഘത്തോടും പരിചാരകരോടും തികച്ചും വിദ്വേഷ രഹിതമായിതന്നെ പെരുമാറി. സത്യത്തിലും നീതിയിലും നിലനില്‍ക്കാതെ സ്ഥാപിത താത്പര്യങ്ങള്‍ക്കായും ചിട്ടതെറ്റിയ ജീവിതചര്യയില്‍ നിലകൊണ്ട പലരോടും രൗദ്രഭാവപ്രകടനങ്ങള്‍ നടത്താതെ മന്ദസ്മിതമായി നിലകൊണ്ടു. സദ്ദുപദേശങ്ങള്‍ നല്‍കിയ ആത്മപിതാവായ പരിശുദ്ധ ബാവായുടെ ഓര്‍മ്മകള്‍ പരമ്പരാഗതമായി പരിലസിക്കും.