ഏറ്റവും വേഗത്തിൽ 2000 ഐപിഎൽ റൺസ് തികച്ച ഇന്ത്യൻ താരമെന്ന റെക്കോർഡ് കിംഗ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ ലോകേഷ് രാഹുലിന്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് തകർത്താണ് രാഹുൽ പുതിയ റെക്കോർഡ് കുറിച്ചത്. 63 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ഈ നേട്ടത്തിലെത്തിയത്. രാഹുൽ ആവട്ടെ 60 മത്സരങ്ങൾ മാത്രമേ 2000 റൺസ് തികയ്ക്കാൻ ചെലവാക്കിയുള്ളൂ.

മത്സരത്തിൽ ഫിഫ്റ്റിയടിച്ച് പുറത്താവാതെ നിൽക്കുകയാണ് രാഹുൽ. 49 പന്തുകളിൽ 70 റൺസെടുത്ത രാഹുലിനു കൂട്ടായി ഗ്ലെൻ മാക്സ്‌വെൽ ആണ് ക്രീസിൽ. 15 ഓവർ പിന്നിടുമ്പോൾ കിംഗ്സ് ഇലവൻ 2 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എടുത്തിട്ടുണ്ട്. മായങ്ക് അഗർവാൾ (26), നിക്കോലാസ് പൂരാൻ (17) എന്നിവരാണ് പുറത്തായത്. അഗർവാളിനെ ചഹാലും പൂരാനെ ദുബെയും പുറത്താക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂർ നിരയിൽ മാറ്റങ്ങളില്ല. രണ്ട് മാറ്റങ്ങളുമായാണ് കിംഗ്സ് ഇലവൻ പഞ്ചാബ് ഇറങ്ങിയത്. കിംഗ്സ് ഇലവൻ പഞ്ചാബിൽ ന്യൂസീലൻഡ് ഓൾറൗണ്ടർ ജെയിംസ് നീഷം അരങ്ങേറും. ക്രിസ് ജോർഡനു പകരക്കാരനായാണ് നീഷം ടീമിലെത്തിയത്. കൃഷ്ണപ്പ ഗൗതമിനു പകരം മുരുഗൻ അശ്വിനും ഇന്ന് കളിക്കും.

ആദ്യ മത്സരത്തിൽ പരാജയപ്പെട്ട പഞ്ചാബ് ജയം തേടിയാണ് ഇറങ്ങിയിരിക്കുന്നത്. ബാംഗ്ലൂർ ആവട്ടെ സൺറൈസേഴ്സിനെതിരെ നടന്ന ആദ്യ മത്സരത്തിൽ വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ്.