മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്തത് കോവിഡ്. മലപ്പുറം തെയ്യാല സ്വദേശി ഗണേശന്‍ ആണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ബാധ മൂലം മരിച്ചത്. 48 വയസായിരുന്നു ഇദ്ദേഹത്തിന്. ഇന്നലെ രാത്രിയോടെയായിരുന്നു മരണം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 13 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച്‌ 169 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറത്ത് 306 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 288 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 2,306 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 5,210 പേര്‍ക്ക്. 3,003 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം. ആകെ നിരീക്ഷണത്തിലുള്ളത് 36,233 പേരാണ്.