വയനാട്: കൊറോണ ബാധിച്ച്‌ ഒരാള്‍ക്കൂടി വയനാട്ടില്‍ മരിച്ചു. കല്‍പ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജിയാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കൊറോണ രോഗലക്ഷണങ്ങളോടെ മൂന്ന് ദിവസം മുമ്പാണ് അലവിക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖവും ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അലവിക്കുട്ടി മരിച്ചത്. ഇദ്ദേഹത്തിന്‍റെ മക്കളും രോഗബാധിതരായി ചികിത്സയിലാണ്.

കാസര്‍കോട് ജില്ലയിലും ഇന്ന് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീലേശ്വരം ആനച്ചാല്‍ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി ആണ് മരിച്ചത്. ജൂലൈ 22നാണ് മുഹമ്മദ് കുഞ്ഞി ഹാജിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്. ഭാര്യയും മക്കളുമുള്‍പ്പെടെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ നാല് പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 95 ആയി.