സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മുഴുവൻ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ജൂൺ 06 വരെ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

നാളത്തോടെ കാലവർഷം കേരള തീരത്തെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തൽ. ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.