തിരുവനന്തപുരം | സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് അധിക സീറ്റുകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ ജില്ലകളിലാണ് 20 ശതമാനം അധിക സീറ്റുകള്‍ അനുവദിക്കുക. സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ 2021 വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും 20 ശതമാനം അധിക സീറ്റ് അനുവദിക്കും.
മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ ബഡ്‌സ് സ്‌കൂള്‍ ഫോര്‍ ദ ഹിയറിംഗ് ഇംപയേര്‍ഡില്‍ അനുവദിക്കപ്പെട്ട 18 തസ്തികകള്‍ക്ക് പുറമേ അസിസ്റ്റന്റ് ടീച്ചര്‍ (യു.പി)2, സ്പീച്ച് തെറാപ്പിസ്റ്റ്1, മേട്രന്‍1, കുക്ക്1 എന്നീ തസ്തികകള്‍ സൃഷ്ടിക്കും. കുക്ക് തസ്തിക ദിവസ വേതനാടിസ്ഥനത്തിലായിരിക്കും.
2016 ജനുവരി 20ലെ പത്താം ശമ്ബളകമ്മീഷന്‍ ആനുകൂല്യം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ 35 തസ്തികളിലെ ജീവനക്കാര്‍ക്കു കൂടി ലഭ്യമാക്കാന്‍ തീരുമാനിച്ചു.
ഇലക്‌ട്രോണിക് മാധ്യമം മുഖേന സമന്‍സ് നല്‍കുന്നതിന് 1973ലെ ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ 69, 91 എന്നീ വകുപ്പുകളില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടി രജിസ്ട്രാര്‍(ജില്ലാ കോടതി) ലഭ്യമാക്കിയ ശുപാര്‍ശയില്‍ നിയമ നിര്‍മാണം നടത്താന്‍ തീരുമാനിച്ചു.
വൈഎംസിഎ കൈവശം വെച്ചിരിക്കുന്ന തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജിലെ 78 സെന്റ് ഭൂമി 30 വര്‍ഷത്തേക്ക്പാട്ടം പുതുക്കുന്നതിന് അനുമതി നല്‍കിയ 2016 മാര്‍ച്ച് മൂന്നിലെ റവന്യൂ ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചു.
പാട്ട കുടിശിക ഒറ്റത്തവണ ഒടുക്കുന്നതിന് വൈഎംസിഎയ്ക്ക് നിര്‍ദ്ദേശം നല്‍കും. അതിനു തയ്യാറായില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കും. വ്യവസ്ഥകള്‍ക്കനുസരിച്ച് പാട്ടകുടിശിക അടയ്ക്കുകയാണെങ്കില്‍ പാട്ടം പുതുക്കി നല്‍കുന്നതിനുള്ള നിര്‍ദേശം സമര്‍പ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കും.
നവകേരളം കര്‍മ പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററായി ഡോ. ടി എന്‍ സീമയെ മൂന്ന് വര്‍ഷത്തേയ്ക്ക് നിയമിക്കാന്‍ തീരുമാനിച്ചു.
ബാങ്ക് വായ്പയുടെ ഈ വര്‍ഷത്തെ മൂന്നാം ഗഡു പലിശ സബ്‌സിഡി തുകയായ 75,12,91,693 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മുന്‍കൂറായി കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചു.
പാലക്കാട് ജില്ലയിലെ കരിയന്നൂരിലെയും സുശീലപടിയിലേയും റയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിന് സമര്‍പ്പിച്ച 40 കോടി 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തുക കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതിന് പുതുക്കിയ ഭരണാനുമതി നല്‍കി.
2008ലെ കേരളപ്രവാസി കേരളീയക്ഷേമ ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് തയ്യാറാക്കിയ കരട് ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യും.
അര്‍ബണ്‍ ബാങ്കുകളിലെ വ്യക്തിഗത ഓഹരി പങ്കാളിത്തം അഞ്ച് ശതമാനമായി നിജപ്പെടുത്തുന്നതിനുള്ള നിയമ ഭേദഗതികള്‍ അംഗീകരിച്ചു.
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള കരട് ഭേദഗതി അംഗീകരിച്ചു.
നിക്ഷേപകരുടെ പരാതി, ബുദ്ധിമുട്ടുകള്‍ എന്നിവ സമയബന്ധിയമായി പരിഹരിക്കുവാന്‍ ജില്ലാ/ സംസ്ഥാന പരാതി പരിഹാര കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനുള്ള 2021 ലെ കേരള വ്യവസായ ഏകജാലക ക്ലീയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി ഓര്‍ഡിനന്‍സ് വിളംബരം ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചു.



