തന്റേതായ ശൈലിയിലൂടെ മികച്ച അഭിനയം കാഴ്ചവച്ച്‌ സിനിമാസ്വാദകരുടെ മനസ്സില്‍ സ്ഥാനം നേടിയെടുത്ത നടനാണ് ധനുഷ്. മലയാളി പ്രേക്ഷകര്‍ക്കിടയിലും ധനുഷ് ഏറെ പ്രിയപ്പെട്ടവനാണ്. ചെയ്യുന്നതെല്ലാം വേറിട്ട കഥാപാത്രങ്ങള്‍ ആയതിനാല്‍ ധനുഷിന്റെ സിനിമകള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. നടനിലുപരി സിനിമയുടെ പല മേഖലകളിലും ധനുഷ് തന്റെ കയ്യൊപ്പു പതിപ്പിച്ചിട്ടുണ്ട്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധനുഷ് നായകനായി ഇനി പുറത്തിറങ്ങാനുള്ളത്. അതേസമയം ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്നതാണ് പുതിയതായുള്ള വാര്‍ത്ത. ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികള്‍ ഉടന്‍ തുടങ്ങുമെന്നാണ് തമിഴകത്ത് നിന്നും പുറത്തുവരുന്ന വിവരങ്ങള്‍. ‘നാന്‍ രുദ്രന്‍’ എന്ന സിനിമയാണ് ധനുഷ് സംവിധാനം ചെയ്യുന്നത്. ചിത്രം മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു.

ചിത്രത്തിന്റെ ജോലികള്‍ ഉടന്‍ തുടങ്ങുമെന്നാണ് വാര്‍ത്ത. നാഗാര്‍ജുനയും എസ് ജെ സൂര്യയുമാണ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുക. അദിതി റാവുവാണ് സിനിമയില്‍ നായികയാകുന്നത്. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ് അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് വരുന്നത്. ലോക്ക് ഡൗണ്‍ കാലത്തിനു ശേഷം വൈകാതെ തന്നെ താന്‍ നായകനാകുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ധനുഷ്. സംവിധാന സംരംഭത്തിന്റെ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കും.