ഷിക്കാഗോ ∙ കോവിഡ് മഹാമാരിയുടെ പഞ്ചാത്തലത്തില്‍ ബാലഗോകുലത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ഷിക്കാഗോ ഗീതാമണ്ഡലം, വിശ്വശാന്തിക്കായി അഷ്ടമിരോഹിണി നാളില്‍ ഓരോ വീടും ഗോകുലമാക്കി തീര്‍ത്തു. ഇതുവഴി ഗീതാമണ്ഡലം കുടുംബാംഗങ്ങളുടെ വീടുകളിലെ ഉണ്ണിക്കണ്ണന്മാരെയും രാധമാരെയും കാണുവാന്‍ ലോകം മുഴുവനുള്ള സത്ജനങ്ങള്‍ക്ക് അവസരം ലഭിച്ചു. കൂടാതെ ഗീതാമണ്ഡലം, കുടുംബാംഗങ്ങള്‍ക്കായി സമര്‍പ്പിച്ച ഭഗവാന്റെ പൂതനാമോക്ഷം കഥകളി മറ്റൊരു തലത്തില്‍ ശ്രീകൃഷ്ണ ഭക്തരെ എത്തിച്ചു.
ആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തില്‍, ഗീതാമണ്ഡലം പുരോഹിതന്‍ കൃഷ്ണന്‍ജിയാണ് ഈ വര്‍ഷത്തെ അഷ്ടമിരോഹിണി പൂജകള്‍ നടത്തിയത്. ശ്രീമഹാഗണപതി, ശ്രീകൃഷ്ണപൂജകളോടെയാണ് ഈ വര്‍ഷത്തെ അഷ്ടമി രോഹിണി ഉത്സവം ആരംഭിച്ചത്. ശേഷം ശ്രീകൃഷ്ണ ബാലലീല പ്രഭാഷണവും, ശ്രീമദ് ഭാഗവത പാരായണവും, ഭജനയും, നൈവേദ്യ സമര്‍പ്പണവും, ദീപാരാധനയും നടത്തി. തുടര്‍ന്ന് പ്രശസ്ത കഥകളി കലാകാരന്‍ തൃപ്പൂണിത്തറ രഞ്ജിത്ത് അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി, അക്ഷരാര്‍ത്ഥത്തില്‍ ഭക്തജനങ്ങളെ, അമ്പാടിയില്‍ എത്തിച്ചു. തൃപ്പൂണിത്തുറ രഞ്ജിത്ത് അവതരിപ്പിച്ച “പൂതനാമോക്ഷം” കഥകളി എല്ലാവരുടെയും പ്രശംസ നേടി. വര്ഷങ്ങള്‍ക്കു ശേഷം അമേരിക്കന്‍ മലയാളികള്‍ക്ക് കഥകളി കാണാന്‍ സാധിച്ചത് ഒരു സൗഭാഗ്യമായി കരുതുന്നു
ഒരേ സമയം ഏറ്റവും സങ്കീര്‍ണ്ണമായ വേദപ്പൊരുളും, അതേസമയം ഏറ്റവും നിഷ്കളങ്കവും സരളവുമായ ഉത്തരവുമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതം എന്നും, ദിവ്യമായ മുരളീരവത്തിലൂടെ സത്തുക്കള്‍ക്ക് ആത്മീയ നിര്‍വൃതി പകരുകയും അസത്തുക്കള്‍ക്ക് സുദര്‍ശന ചക്രത്തിലൂടെ ധര്‍മ്മബോധ സാക്ഷാത്കാരം നല്‍കുകയും ചെയ്യുന്ന ഭാരത തത്വചിന്തയുടെ മൂലാധാരമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.



