ഷാര്‍ജ: ഷാര്‍ജയിലെ ഇന്റര്‍സിറ്റി ബസുകള്‍ സെപ്‍തംബര്‍ 15 മുതല്‍ സര്‍വീസ് തുടങ്ങും. ആകെ ശേഷിയുടെ 50 ശതമാനം യാത്രക്കാരെ മാത്രമായിരിക്കും കൊണ്ടുപോവുക, ജുബൈല്‍ ബസ് സ്റ്റേഷനും നാളെ മുതല്‍ തുറക്കും. കൊവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി ഏപ്രില്‍ മുതല്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ നിര്‍ത്തിവെയ്‍ക്കുകയും ജുബൈല്‍ ബസ് സ്റ്റേഷന്‍ അടിച്ചിട്ടിരിക്കുകയുമാണ്.

യാത്രക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി എല്ലാ കര്‍ശന സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ടായിരിക്കും സര്‍വീസുകള്‍ നടത്തുകയെന്ന് ഷാര്‍ജ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി അറിയിച്ചു. എല്ലാ യാത്രക്കാരുടെയും ശരീര ഊഷ്‍മാവ് പരിശോധിക്കാനായി തെര്‍മല്‍ ബോഡി സ്കാനിങ് നടത്തുമെന്ന് ഷാര്‍ജ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. അഹ്‍മദ് അല്‍ നൌര്‍ പറഞ്ഞു.