കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹ തട്ടിപ്പിന് പിന്നില്‍ നിരവധി പേരെന്ന് പോലീസ്. രണ്ടു പേര്‍ കൂടി ഉടന്‍ പിടിയിലാകുമെന്നും തട്ടിപ്പിന് പിന്നില്‍ വന്‍ ആസൂത്രണമുണ്ടെന്നും പോലീസ് പറയുന്നു.

നടിയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ ആണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, ഷംന കാസിമിനെ തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൂടുതല്‍ പരാതി ഉയര്‍ന്നു വരികയാണ്. മൂന്ന് പെണ്‍കുട്ടികള്‍ പരാതിയുമായി മരട് പോലീസിനെ സമീപിച്ചു. പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഈ സംഘം പണം തട്ടിയതായാണ് പരാതി. മറ്റ് നിരവധി പേരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ പോലീസിനെ അറിയിച്ചു.

കാസര്‍ഗോഡുള്ള സുമുഖനായ ടിക് ടോക് താരത്തിന് വിവാഹ ആലോചനയെന്ന് പറഞ്ഞാണ് ആറ് പേരടങ്ങുന്ന സംഘം ഷംന കാസിമിന്‍്റെ വീട്ടില്‍ എത്തുന്നത്. സംഘം വീട്ടിലെത്തിയ ശേഷം ഷംനയുടെ വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് നടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പല പ്രാവശ്യം ഇവര്‍ ഫോണിലൂടെ നടിയെ വിളിച്ചു. ഇതിനിടെ വിളിച്ച്‌ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. കരിയര്‍ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി. അന്‍വര്‍ അലി എന്നയാളാണ് ഭീഷണി മുഴക്കിയത്. ഇതേതുടര്‍ന്ന് നടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ ഇടപെട്ടതെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ല. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയെന്നും ഷംന വിശദീകരിക്കുന്നു. വീഡിയോ കോള്‍ വിളിക്കാന്‍ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയത്.