ദുബായ്: ബാറ്റിംഗില്‍ മാത്രമല്ല, ഫീല്‍ഡിംഗിലും തന്റെ കൈകളെ വിശ്വസിക്കാമെന്ന് വീണ്ടും തെളിയിച്ച് മലയാളി താരം ദേവ്ദത്ത് പടിക്കല്‍. മത്സരത്തിന്റെ 12-ാം ഓവറിലായിരുന്നു ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ദേവ്ദത്തിന്റെ മനോഹരമായ ക്യാച്ച്. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാനുള്ള ശ്രേയസിന്റെ ശ്രമമാണ് ദേവ്ദത്തിന്റെ കൈകളില്‍ അവസാനിച്ചത്.

മൊയീന്‍ അലിയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ശ്രേയസിനു പിഴച്ചു. ബൗണ്ടറി ലൈനിനു മുകളിലൂടെ നിലം തൊടാതെ പറന്ന പന്തിനെ ദേവ്ദത്ത് ആദ്യം കൈപ്പിടിയിലൊതുക്കി. എന്നാല്‍ തന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തൊടുമെന്നായപ്പോള്‍ ദേവ്ദത്ത് പന്ത് മുകളിലേയ്ക്ക് ഉയര്‍ത്തി ഇടുകയും ബൗണ്ടറി കടന്ന് തിരിച്ചെത്തി വീണ്ടും കൈക്കുള്ളിലാക്കുകയുമായിരുന്നു.