ടെന്നസി ∙ നാഷ്‌വിൽ സാഹിത്യവേദി (സാഹിതി) യുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 29 ഞായറാഴ്ച്ച രാവിലെ 9.30 ന് (8 PM IST) സൂം മിറ്റിങ്ങിലൂടെ സാഹിത്യ സംവാദം സംഘടിപ്പിക്കുന്നു. പ്രശസ്ത സാഹിത്യകാരനും, കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖൻ സാഹിത്യ സംവാദം ഉദ്ഘാടനം ചെയ്യും. ‘ശൈലീ പരിണാമം മലയാള നോവലിൽ’ എന്ന് വിഷയത്തിൽ സംസ്കൃത സർവ്വകലാശാല തൃശൂർ സെന്റർ മലയാള വിഭാഗം തലവനും 2021-ലെ അങ്കണം അവാർഡ് ജേതാവുമായ പ്രഫ. കൃഷ്ണൻ നമ്പൂതിരി പ്രബന്ധാവതരണം നിർവഹിക്കും. ശൈലീ വിജ്ഞാനീയ (Stylistics) നിരൂപണത്തിന്റെ സങ്കല്പനങ്ങൾ മുൻനിർത്തി മലയാളനോവൽ സാഹിത്യത്തിലെ, വ്യത്യസ്തകാലഘട്ടങ്ങളിലെ, വ്യത്യസ്ത എഴുത്തുകാരുടെ പ്രശസ്തനോവലുകൾ അപഗ്രഥിക്കുകയാണ്‌ പ്രബന്ധകാരൻ ചെയ്യുക. സി.വി രാമൻപിള്ള, ചന്തുമേനോൻ, തകഴി, ബഷീർ, എം.ടി, വിജയൻ, മുകുന്ദൻ, ആനന്ദ് തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടിലെ പ്രസിദ്ധ നോവലിസ്റ്റുകളുടെ ശൈലികളും, 21-നൂറ്റാണ്ടിലെ നോവലിസ്റ്റുകളുടെ നവശൈലികളും അടക്കം പ്രബന്ധാവതരണത്തിൽ വിഷയീഭവിക്കും.

അക്കാദമിക് നിലവാരത്തിലുള്ള പ്രബന്ധാവതരണത്തിനുശേഷം നടക്കുന്ന പൊതു ചർച്ചയിൽ അമേരിക്കയിലുള്ള പ്രമുഖ പ്രവാസി എഴുത്തുകർ പങ്കെടുക്കും. നാഷ്‌വിൽ സാഹിതി സംഘടിപ്പിക്കുന്ന പ്രോഗ്രാമിലേക്ക് എല്ലാവർക്കും സ്വാഗതം. (Meeting ID: 833 1379 7938, Passcode: 953598)