ഫ്രിസ്കോ – ടെക്സസ്: വികാരപരമായി തളർന്നും ജീവിതപ്രതിസന്ധികൾ നേരിട്ടും കഴിയുന്ന ആളുകളെ ലക്ഷ്യമിട്ട് കോടിക്കണക്കിന് ഡോളർ തട്ടിയെടുത്തെന്നാരോപിച്ച് ടെക്സസിലെ ഫ്രിസ്കോ സ്വദേശികളായ ബ്രിഡ്ജറ്റ് ഡോറിൻ എവൻസ് (47), ഭർത്താവ് വിന്നി ജോൺ ഉവാനാവിച്ച് (44) എന്നിവരെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു.

2021 മുതൽ 2024 വരെ നീണ്ടുനിന്നതായി പറയുന്ന തട്ടിപ്പ് പദ്ധതിയിൽ, എവൻസ് “ജോളീൻ ട്രാവിസ്” എന്ന വ്യാജനാമത്തിൽ സോഷ്യൽ മീഡിയയിലൂടെ “സൈക്കിക്” സേവനങ്ങൾ പരസ്യം ചെയ്തിരുന്നു. പ്രണയപരാജയം, വിവാഹമോചനം, ഏകാന്തത, പ്രിയപ്പെട്ടവരുടെ വേർപാട് തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ഇരകളോട് അവരുടെ ദുരിതങ്ങൾക്ക് കാരണം സാമ്പത്തിക “ശാപം” ആണെന്നും അത് നീക്കാൻ പണവും സ്വർണനാണയങ്ങളും “ശുദ്ധീകരണ ചടങ്ങുകൾക്കായി” കൈമാറണമെന്നും പ്രതികൾ ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ചടങ്ങുകൾക്ക് ശേഷം പണവും സ്വർണവും തിരികെ നൽകാമെന്ന് ഉറപ്പുനൽകിയെങ്കിലും ഭൂരിഭാഗം തുകയും തിരികെ നൽകിയില്ലെന്നാണ് ആരോപണം.

ഒരു ഇരയിൽ നിന്നു മാത്രം 20 ലക്ഷം ഡോളറിലേറെ സ്വർണനാണയങ്ങളുടെ രൂപത്തിൽ കൈപ്പറ്റിയതായി ഫെഡറൽ പ്രോസിക്യൂട്ടർമാർ വെളിപ്പെടുത്തി. മറ്റ് ഇരകളിൽ നിന്നും ലക്ഷക്കണക്കിന് ഡോളർ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, വാഹനവായ്പകൾ എന്നിവ വഴിയും പണം കൈക്കലാക്കിയെന്നാണ് കേസ്.

കുറ്റം തെളിഞ്ഞാൽ ഓരോ കുറ്റത്തിനും പരമാവധി 20 വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ ഇരകളെ കണ്ടെത്താൻ FBI പൊതുജനങ്ങളോട് വിവരങ്ങൾ പങ്കുവയ്ക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.