മലബാര്‍ ദേവസം ബോര്‍ഡിന് കീഴിലെ ജീവനക്കാരുടെ ശമ്പളം രണ്ട് വര്‍ഷമായി മുടങ്ങിയതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് ദേവസം ബോര്‍ഡ് ഓഫീസിന് മുന്‍പില്‍ ജീവനക്കാര്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

ദേവസം ബോര്‍ഡിന് കീഴിലുള്ള സി,ഡി ഗ്രേഡ് അമ്പലങ്ങളിലെ ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങി കിടക്കുന്നത്. നൂറോളം ജീവനക്കാരുടെ ശമ്പളം മുടങ്ങിയെന്നാണ് പരാതി.

വര്‍ഷങ്ങളായി ശമ്പള പരിഷ്‌കരണം നടന്നിട്ടില്ലെന്നും സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരന്‍ മധു പറയുന്നു. ഡി ഗ്രേഡ് ക്ഷേത്രത്തിലെ ശാന്തിക്കാരനായ തനിക്ക് എട്ട് മാസത്തെ വേതനം ലഭിക്കാനുണ്ടെന്നും മധു.

അവശ്യ സര്‍വീസ് ജീവനക്കാരായതിനാല്‍ മറ്റ് തൊഴില്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും മാര്‍ഗമില്ല. ഇതേ തുടര്‍ന്നാണ് ദേവസം ബോര്‍ഡ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്.