ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രധാന പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് (TDB) മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു (54) അന്തരിച്ചു. അർബുദ രോഗബാധിതനായി കൊച്ചിയിലെ അമൃത ആശുപത്രിയിൽ കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശനിയാഴ്ച പുലർച്ചെ 12.48 ഓടെയായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പെരുന്നയിലെ വീട്ടുവളപ്പിൽ വെച്ച് നടക്കും. മുൻപ് കേരള പോലീസിൽ കോൺസ്റ്റബിളായി സേവനമനുഷ്ഠിച്ചിരുന്ന മുരാരി ബാബു, പിന്നീട് ആ ജോലി രാജി വെച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥനായി പ്രവേശിക്കുന്നത്.
ശബരിമല ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്ക് വഴിവെച്ച സ്വർണ്ണക്കൊള്ളക്കേസിൽ പ്രതി ചേർക്കപ്പെട്ടതോടെയാണ് ഇദ്ദേഹം വാർത്തകളിൽ നിറയുന്നത്. ശബരിമലയിലെ ശ്രീകോവിൽ വാതിൽപ്പടികൾ, ദ്വാരപാലക ശില്പങ്ങൾ എന്നിവ സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ വലിയ തോതിൽ സ്വർണ്ണവും പണവും അപഹരിക്കപ്പെട്ടു എന്നതായിരുന്നു കേസ്.



