തിരുവനന്തപുരം > ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നു. ശബരിമല നട മിഥുനമാസത്തിലെ മാസ പൂജകള്‍ക്കായി ജൂണ്‍ 14നാണ് തുറക്കുന്നത്. 14 മുതല്‍ 28 വരെ മാസപൂജയും ഉത്സവവും നടക്കും. 28ന് ആറാട്ട് നടക്കും.

നിലവില്‍ ശബരിമലയിലുള്ള വെര്‍ച്വല്‍ ക്യൂ സമ്ബ്രദായത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരു മണിക്കൂറില്‍ 200 പേരെ വെര്‍ച്വല്‍ ക്യൂ വഴി അനുവദിക്കും. രാവിലെ നാലുമുതല്‍ ഉച്ചക്ക് ഒന്നുവരെയും വൈകിട്ട് നാലുമുതല്‍ രാത്രി 11 വരെയും ദര്‍ശനം അനുവദിക്കും. ആകെ 16 മണിക്കൂറായിരിക്കും ദര്‍ശനസമയം.50 പേരെ മാത്രമേ ഒരുസമയം ക്ഷേത്രമുറ്റത്ത് പ്രവേശിപ്പിക്കുകയുള്ളൂ. അടുത്ത ക്യൂവില്‍ അടുത്ത 50 പേരെ പ്രവേശിപ്പിക്കും. ക്യൂവില്‍ സാമൂഹ്യ അകലം പാലിക്കാന്‍ കൃത്യമായ ക്രമീകരണം വട്ടം വരച്ച്‌ രേഖപ്പെടുത്തും. 10 വയസിന് താഴെയുള്ളവര്‍ക്കും 65 വയസിനുമേലെയുള്ളവര്‍ക്കും രജിസ്ട്രേഷന്‍ അനുവദിക്കില്ല. പമ്ബയിലും സന്നിധാനത്തും തെര്‍മല്‍ സ്കാനിംഗ് ഉണ്ടാകും. ഭക്തര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. കൈ സോപ്പുപയോഗിച്ച്‌ കഴുകാനും സാനിറ്റൈസേഷനും സൗകര്യമുണ്ടാകും. വിഐപി ദര്‍ശനം ഉണ്ടാകില്ല. വരുന്ന ഭക്തര്‍ക്ക് താമസസൗകര്യവുമുണ്ടാകില്ല.

കൊടിയേറ്റവും ആറാട്ടും ഇത്തവണ ചടങ്ങുകളായി മാത്രമാകും നടത്തുക. നെയ്യഭിഷേകത്തിന് സൗകര്യമുണ്ടാകും. എന്നാല്‍ തങ്ങള്‍ കൊണ്ടുവരുന്ന നെയ് തന്നെ അഭിഷേകം നടത്തി അതിന്റെ ആടിയശിഷ്ടം വേണമെന്ന് നിര്‍ബന്ധം ചെലുത്തരുത്. എന്നാല്‍ അഭിഷേകം നടത്തിയ നെയ്യ് നല്‍കാന്‍ സൗകര്യമൊരുക്കും. പാളപാത്രത്തില്‍ ചൂടുകഞ്ഞി ഭക്തര്‍ക്ക് നല്‍കും.

കെഎസ്‌ആര്‍ടിസി ബസുകള്‍ വഴിയും സ്വകാര്യവാഹനങ്ങള്‍ ഉപയോഗിച്ചും വരാം. ഇത്തവണ പ്രത്യേക സാഹചര്യത്തില്‍ പമ്ബ വരെ വാഹനങ്ങള്‍ വരാന്‍ യാത്രാനുമതിയുണ്ട്. പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ടാകും. മഴ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ മാറ്റം വരുത്തും. അഞ്ചു പേര്‍ വീതമുള്ള ടീമുകളായാണ് അനുവദിക്കുക. ശബരിമലയിലേക്ക് വണ്ടിപ്പെരിയാര്‍ വഴി വന്നുള്ള ദര്‍ശനം അനുവദിക്കില്ല. ശബരിമലയില്‍ ശുചീകരണത്തില്‍ കേരളത്തില്‍നിന്നുള്ള തൊഴിലാളികളെ നിയോഗിക്കും. പൊതുസ്നാനഘട്ടങ്ങള്‍ ഉപയോഗിക്കാനാകാത്തതിനാല്‍ പമ്ബാസ്നാനം ഇത്തവണ അനുവദിക്കില്ല.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ഭക്തര്‍ ശബരിമല ദര്‍ശനത്തിന് കേരളത്തിലേക്ക് വരാന്‍ ‘കോവിഡ് 19 ജാഗ്രത’ പോര്‍ട്ടല്‍ വഴി പാസിന് രജിസ്റ്റര്‍ ചെയ്യണം. പേരും വിവരങ്ങള്‍ക്കുമൊപ്പം ശബരിമലയില്‍ വരുന്നവര്‍ വരുന്നതിന് രണ്ടുദിവസം മുമ്ബെങ്കിലും ഐസിഎംആര്‍ അംഗീകൃത ലാബിന്റെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്നത് നിര്‍ബന്ധമാണ്. സര്‍ട്ടിഫിക്കറ്റ് ഉള്ള ഇതര സംസ്ഥാന ഭക്തര്‍ക്കേ ശബരിമലയിലേക്ക് യാത്രാനുമതിക്ക് പാസ് നല്‍കൂകയുള്ളൂ. യാത്രയ്ക്ക് അത്യാവശ്യം ലഗേജ് മാത്രമേ ആകാവൂ. വരുന്നവര്‍ക്ക് ആവശ്യമായ ചൂടുവെള്ളം, മെഡിക്കല്‍ സൗകര്യം എന്നിവയുണ്ടാകും. അപ്പവും അരവണയും ഓണ്‍ലൈനായി നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കാവും വിതരണം ചെയ്യുക. നേരത്തെ പണമടച്ച്‌ ബുക്ക് ചെയ്തവര്‍ക്ക് മാത്രം സന്നിധാനത്ത് നിന്ന് ഇത് ലഭ്യമാക്കും.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്ക് മാത്രമായിരിക്കും അമ്ബലദര്‍ശനത്തിന് പ്രവേശനം. ഒരു ദിവസം 600 പേര്‍ക്ക് ദര്‍ശനം ലഭ്യമാക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു മണിക്കൂറില്‍ 150 പേര്‍ക്ക് ദര്‍ശനം സാധ്യമാകും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാകും ദര്‍ശനം അനുവദിക്കുക. വി.ഐ.പി ദര്‍ശനം ഉണ്ടാകില്ല. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക സമയം അനുവദിക്കും. ബാച്ച്‌ അടിസ്ഥാനത്തില്‍ ദര്‍ശനം അനുവദിക്കും. ഓരോ ബാച്ചിലും 50 പേര്‍ ഉണ്ടാകും. ഒരു മണിക്കൂറില്‍ മൂന്ന് ബാച്ച്‌ ദര്‍ശനത്തിന് അനുവദിക്കും. സാമൂഹ്യ അകലം കൃത്യമായി പാലിക്കുന്നവിധം ക്രമീകരണങ്ങളുണ്ടാകും. ഓരോ ബാച്ച്‌ ദര്‍ശനം നടത്തിപോകുമ്ബോഴും ഗ്രില്ലുകള്‍ ഉള്‍പ്പെടെ സാനിറ്റൈസ് ചെയ്യും. ഹാന്‍ഡ്വാഷ്, സാനിറ്റൈസിംഗ് സൗകര്യമുണ്ടാകും. ജീവനക്കാരും ദര്‍ശനത്തിനെത്തുന്നവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. പ്രസാദം, തീര്‍ഥം, നിവേദ്യം എന്നിവ നല്‍കില്ല.

ഗുരുവായൂരില്‍ വിവാഹങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒരുദിവസം പരമാവധി 60 വിവാഹം വരെയാകാമെന്നണ് തീരുമാനം. രാവിലെ അഞ്ചുമുതല്‍ ഉച്ചക്ക് ഒന്നരവരെയാണ് വിവാഹം നടത്താനുള്ള സമയം. രജിസ്ട്രേഷന്‍ ചെയ്യന്നതനുസരിച്ച്‌ വിവാഹസമയം ക്രമീകരിക്കും. ഒരു വിവാഹത്തിന് 10 മിനിറ്റാകും അനുവദിക്കുക. വരനും വധുവുമടക്കം പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാം. വിവാഹപാര്‍ട്ടി അരമണിക്കൂര്‍ മുമ്ബ് എത്തി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കാത്തിരിക്കണം. അവിടെ സാമൂഹ്യ അകലം പാലിച്ച്‌ കാത്തിരിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അവിടെവച്ച്‌ രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ പരിശോധന, മെഡിക്കല്‍ പരിശോധന തുടങ്ങിയവ നടത്താന്‍ ക്രമീകരണം നടത്തിയിട്ടുണ്ട്.

കേരളത്തിലെ ബാക്കി എല്ലാ ക്ഷേത്രങ്ങളിലും പൊതുവായി പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം ക്ഷേത്രങ്ങളുടെ പ്രത്യേകതകള്‍ കൂടി കണക്കിലെടുത്ത് അതത് ദേവസ്വങ്ങള്‍ തീരുമാനിക്കും.