വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിനു സമീപത്തെ തെരുവിന്‍റെ പേര് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ എന്നു പുനര്‍നാമം ചെയ്തുകൊണ്ട് ഡിസി മേയര്‍ മ്യൂറിയല്‍ ബൗസര്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.

‘ബ്രിയോണ ടെയ്‌ലര്‍, നിന്‍റെ ജന്മദിനത്തില്‍ വിവേചനത്തിനെതിരെ നമുക്ക് ഒരുമിച്ചു നില്‍ക്കാം’അമേരിക്കയില്‍ വംശീയ വിവേചനത്തിന് ഇരയായി 26-ാം വയസില്‍ വെടിയേറ്റു മരിച്ച ആഫ്രോ- അമേരിക്കനാണ് ടെയ്‌ലര്‍. അമേരിക്ക എങ്ങനെയാണോ ആവേണ്ടത് അങ്ങനെ ആക്കുക എന്നതു തന്നെയാണ് തീരുമാനമെന്നും ബൗസര്‍ കൂട്ടിച്ചേര്‍ത്തു.

ജോര്‍ജ് ഫ്‌ളോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും വാഷിംഗ്ടണ്‍ ഡിസി മേയര്‍ ബൗസറും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെയാണ് തെരുവിനു പുതിയ പേര് നല്‍കി പ്രതിഷേധങ്ങള്‍ക്കുള്ള തന്‍റെ പിന്തുണ ബൗസര്‍ വ്യക്തമാക്കിയത്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കുനേരെ നടക്കുന്ന വംശീയാതിക്രമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യമാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍. മഞ്ഞ നിറമുപയോഗിച്ച്‌ തെരുവില്‍ ഈ മുദ്രാവാക്യം വലിയ അക്ഷരങ്ങളില്‍ എഴുതി വച്ചിട്ടുമുണ്ട്.

ജോര്‍ജ് ഫ്‌ളോയിഡിന്‍റെ കൊലപാതകത്തിനു പിന്നാലെ അമേരിക്കയിലെ നിയമ വ്യവസ്ഥയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ടു നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ആദര സൂചകമായിട്ടാണ് തെരുവിന്‍റെ പേര് മാറ്റിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. തെരുവിന്‍റെ അധികാരി ആരാണ് എന്നതില്‍ അടുത്ത ഇടയ്ക്ക് തര്‍ക്കമുണ്ടായിരുന്നു. മേയര്‍ ബൗസര്‍ ഇപ്പോള്‍ സമാധാനപരമായി പ്രതിഷേധം നടത്തിയ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിച്ച്‌ തെരുവ് ആരുടേതാണെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട് – മേയറുടെ ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ ഫാല്‍സിചിയോ പറഞ്ഞു.