തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ തള്ളി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരായ വിമർശനങ്ങളാണ് റെ​ഗുലേറ്ററി കമ്മീഷൻ തള്ളി കളഞ്ഞത്. 

നിയമസഭയിലെ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് വൈദ്യുതി കരാർ റദ്ദാക്കലിൽ റെഗുലേറ്ററി കമ്മീഷൻ പ്രത്യേക കുറിപ്പ് ഇറക്കിയത്.

കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായതു കൊണ്ടാണ് 465 മെഗാവാട്ടിന്റെ ദീർഘകാല കരാർ റദ്ദാക്കിയത്. അങ്ങനെയുള്ള ടെൻഡർ അംഗീകരിക്കാൻ ബാധ്യതയില്ലെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ മറുപടി.

നിയമാനുസൃതമല്ലാത്ത കരാർ അംഗീകരിക്കാൻ ബാധ്യതയില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കി. റെഗുലേറ്ററി കമ്മീഷൻ നോക്കുകുത്തിയല്ലെന്നാണ് സുപ്രീംകോടതി വിധി പരാമർശിച്ച് കമ്മീഷന്റെ മറുപടി. യുഡിഎഫ് ഭരണ കാലത്തെ കരാർ കഴിഞ്ഞ മെയിലാണ് റദ്ദാക്കിയത്.

മാർഗ നിർദേശങ്ങൾ മാറ്റണമെങ്കിൽ ബോർഡ് മുൻകൂർ അനുമതി വാങ്ങണം. എന്നാൽ അനുമതി വാങ്ങിയിട്ടില്ല. കരാറിന്റെ അന്തിമാനുമതിക്കായി പുനഃപരിശോധന ഹർജി നൽകുന്നതിലും കെഎസ്ഇബിക്ക് വീഴ്ച ഉണ്ടായി. ടെൻഡർ അംഗീകരിക്കുന്നതിൽ നോക്കുകുത്തിയാവരുതെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും വിമർശനങ്ങളെ പ്രതിരോധിച്ചുകൊണ്ട് റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കി.