തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ രണ്ടാം പ്രതി പിടിയില്‍. രണ്ടാം പ്രതി അന്‍സറിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ ബന്ധു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് അന്‍സര്‍ പിടിയിലായത്.

കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അന്‍സറിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ കൃത്യത്തില്‍ അന്‍സര്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അന്‍സറിനെ കൂടി പിടികൂടിയതോടെ കേസില്‍ പൊലീസ് തിരിച്ചറിഞ്ഞ എല്ലാവരും പിടിയിലായി. അന്‍സര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ കോള്‍ രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടും കൂടുതല്‍ അന്വേഷണം തുടരുന്നുണ്ട്.

അതിനിടെ കൊലപാതകത്തില്‍ ഇപ്പോള്‍ കേസില്‍ പ്രതിയായ സജീവനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആദ്യം ആക്രമിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രം​ഗത്തെത്തി. കൊല്ലപ്പെട്ട മിഥിലാജ്, ഹക്ക് മുഹമ്മദ്, ഷഹിന്‍ എന്നിവര്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്നും എംഎം ഹസ്സന്റെ നേതൃത്വത്തില്‍ ഡിസിസി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ സഹിതമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും എതിര്‍ ഭാഗത്തുള്ളവരെ വെട്ടിവീഴ്ത്താന്‍ ശ്രമിച്ചു. ആദ്യം അക്രമിച്ചത് കേസില്‍ ഒന്നാം പ്രതിയായിട്ടുള്ള സജീവനെയാണ്. സംഭവ സ്ഥലത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി ഉണ്ടായിരുന്നു. ഷഹീനും അപ്പൂസുമാണ് വെട്ടിയത്.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യത്തില്‍ 12 പേരുണ്ട്. ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ അറസ്റ്റിലായി. വെട്ടിയത് അപ്പൂസും ഷഹീനുമാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഇവര്‍ ഒളിവിലാണ്. ഇവര്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമിന്റെ കസ്റ്റഡിയിലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.