ന്യൂഡല്‍ഹി : ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരം സുരേഷ് റെയ്ന രംഗത്ത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട റെയ്ന, പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ അതിര്‍ത്തിയില്‍ സൈന്യത്തെ സഹായിക്കാനും താന്‍ സന്നദ്ധനാണെന്ന് വ്യക്തമാക്കി. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ രാജ്യമെങ്ങും കനത്ത ജനരോഷമുണ്ടെന്ന് റെയ്ന ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ടതു ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ സൈനികര്‍ വീരമൃത്യു വരിക്കേണ്ടി വന്നതില്‍ അതിയായ ജനരോഷമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടതു ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. നമ്മുടെ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത് വേദനിപ്പിക്കുന്നതാണ്. ഇവിടെയിരുന്ന് ഓരോന്നു വിളിച്ചുപറയാന്‍ എനിക്ക് വളരെ എളുപ്പമാണ്. പക്ഷേ, ഈ സൈനികരുടെ കുടുംബങ്ങളുടെ ദുഃഖത്തിന് എന്താണ് പരിഹാരം? അതിര്‍ത്തിയിലെ അവരുടെ സേവനത്തിന് എങ്ങനെ നന്ദി പറയുമെന്നു പോലും എനിക്കറിയില്ല’ – റെയ്ന വ്യക്തമാക്കി.
‘നമ്മുടെ സൈന്യം ശക്തമാണ്. അവര്‍ ഓരോരുത്തര്‍ക്കും എന്റെ പ്രണാമം. ആദ്യം കൊറോണ വൈറസാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇപ്പോഴിതാ അതിര്‍ത്തിയിലെ പ്രശ്നങ്ങളും. ഇത് ആസൂത്രിതമാണെന്നാണ് എന്റെ സംശയം. നമ്മുടെ സൈന്യത്തിന് ഏതു വെല്ലുവിളിയും നേരിടാനുള്ള കരുത്തും ആര്‍ജവവുമുണ്ട്. അവര്‍ മൂലമാണ് നമ്മളൊക്കെ സുരക്ഷിതരായിരിക്കുന്നത്’ – റെയ്ന ചൂണ്ടിക്കാട്ടി.
അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷകരിക്കണമെന്നും റെയ്ന ആവശ്യപ്പെട്ടു. ചൈനീസ് കമ്ബനികളുമായുള്ള സഹകരണം ബിസിസിഐ അവസാനിപ്പിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.’സ്പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തില്‍ ബിസിസിഐ അനുയോജ്യമായ തീരുമാനം കൈക്കൊള്ളുമെന്നാണ് ഞാന്‍ കരുതുന്നത്. നമ്മുടെ ജോലി ക്രിക്കറ്റ്
കളിക്കുക, രാജ്യത്തിന് അഭിമാനിക്കാനുള്ള നിമിഷങ്ങള്‍ സമ്മാനിക്കുക എന്നതൊക്കെയാണ്. പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ അതിര്‍ത്തിയില്‍ പോയി സൈനികരെ സഹായിക്കാനും എല്ലാവരും തയാറാണ്. ഈ രാജ്യത്തിന്റെ സമ്ബൂര്‍ണ പിന്തുണ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഓരോ സൈനികനും തിരിച്ചറിയണം’ – റെയ്ന പറഞ്ഞു.
‘എന്റെ കുടുംബം സൈനിക പശ്ചാത്തലമുള്ളതാണ്. ഒരു സൈനികന്റെ ജീവിതം എത്രമാത്രം പ്രതിസന്ധി നിറഞ്ഞതാണെന്ന് എനിക്കറിയാം. ഇന്ത്യയില്‍നിന്ന് ചൈന ഒന്നും അര്‍ഹിക്കുന്നില്ല. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നതുപോലും പ്രശ്നമല്ല’ – റെയ്ന പറഞ്ഞു.



