കൊച്ചി: തന്‍റെ സ്ഥലം കൈയേറി മതില്‍ കെട്ടിയ അയല്‍വാസി സ്ത്രീപീഡനത്തിന് വ്യാജ പരാതി നല്‍കിയതായി കൊച്ചി പച്ചാളം സ്വദേശി സെബാസ്റ്റ്യന്‍. വര്‍ഷങ്ങളായി നല്‍കിയ പരാതിക്ക് കൃത്യമായ മറുപടികളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് സെബാസ്റ്റ്യന്‍ മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തിയത്.

തനിക്ക് തന്‍റെ സ്ഥലം വേണമെന്ന് മുന്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ കൂടിയായ സെബാസ്റ്റ്യന്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.

ലൂര്‍ദ്‌സ് ആശുപത്രിയുടെ വടക്കുവശം സ്‌കൂള്‍പടിയിലാണ് സെബാസ്റ്റ്യന്‍റെ വീട്. മുഖ്യമന്ത്രിയുടെ കരുതലും കൈത്താങ്ങും, ചീഫ് മിനിസ്റ്റര്‍ വിത്തു യു തുടങ്ങിയ പരിപാടികളില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിലൊന്നും മറുപടി ലഭിച്ചിട്ടില്ലെന്നും സെബാസ്റ്റ്യന്‍ പറയുന്നത്.

അയല്‍വാസി പഴയ മതില്‍ പൊളിച്ചു മാറ്റി പുതിയ സ്‌നേഹമതില്‍ കെട്ടി. അത് തന്‍റെ കോമ്പൗണ്ടിലേക്ക് കടത്തിയാണ് കെട്ടിയിരിക്കുന്നത്. ഞാന്‍ പരാതിപ്പെട്ടപ്പോള്‍ പണിക്കാര്‍ക്ക് തെറ്റുപറ്റി, അത് പൊളിച്ചു മാറ്റാമെന്ന് സമ്മതിച്ചതാണ്.

എന്നാല്‍ മതില്‍ പൊളിച്ചു മാറ്റിയില്ല. അതുകൊണ്ട് ഞാന്‍ മുഖ്യമന്ത്രിയുടെ കരുതലും കൈത്താങ്ങും എന്ന പരിപാടിയില്‍ പരാതി നല്‍കി. അങ്ങനെ കേസ് വില്ലേജ് ഓഫീസര്‍ക്ക് കൈമാറി. പലയാവര്‍ത്തി ബന്ധപ്പെട്ട ശേഷം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഞാന്‍ ആദ്യം കെട്ടിയ മതില്‍ പൊളിച്ചു മാറ്റിയാണ് പുതിയ മതില്‍ കെട്ടിയിരിക്കുന്നത് എന്ന് അയാള്‍ക്ക് മനസിലായി. ഇത് മൂന്ന് ദിവസത്തിനകം പൊളിച്ചു മാറ്റണമെന്ന് പറഞ്ഞാണ് വില്ലേജ് ഓഫീസര്‍ പോയത്.

എന്നാല്‍ മതില്‍ പൊളിച്ചു മാറ്റിയില്ല. മാത്രമല്ല, മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ സുഗതന്‍ എന്ന അയല്‍ക്കാരന്‍റെ ഭാര്യ എനിക്കെതിരെ ടൗണ്‍ നോര്‍ത്ത് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഞാനും വില്ലേജ് ഓഫീസറും പോയപ്പോള്‍ ഒച്ചവച്ച് സംസാരിച്ചത് ബുദ്ധിമുട്ടുണ്ടാക്കി എന്നൊരു കള്ള പരാതി നല്‍കി.