ഹാങ്ചോ: വിസ അനുവദിക്കുന്നതിൽ ചൈന വിട്ടുവീഴ്ചക്ക് തയാറാവാത്തതിനാൽ അരുണാചൽ പ്രദേശുകാരായ മൂന്ന് വുഷു താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിൽ അവസരം നഷ്ടമായി. മെഡൽ പ്രതീക്ഷയുണ്ടായിരുന്ന നിയെമാൻ വാങ്സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നിവർക്കാണ് ചൈനീസ് നിലപാട് കാരണം ഹാങ്ചോയിലേക്ക് പോകാൻ കഴിയാതിരുന്നത്. ചൈന സ്വീകരിക്കുന്ന നിലപാട് ഒളിമ്പിക് ചാർട്ടറിന് എതിരാണെന്നും ഇന്ത്യ ഇത് അംഗീകരിക്കില്ലെന്നും കായിക മന്ത്രി മന്ത്രി അനുരാഗ് ഠാകൂർ പറഞ്ഞു.
വടക്കു കിഴക്കൻ സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. താരങ്ങൾക്കൊപ്പം നിൽക്കുന്നതിന്റെ ഭാഗമായാണ് താൻ ചൈന യാത്ര വേണ്ടെന്നുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. വുഷു മത്സരങ്ങൾ ഞായറാഴ്ച തുടങ്ങി. വനിതകളുടെ ചാങ് ക്വാൻ വിഭാഗത്തിൽ ലാംഗു ഇറങ്ങേണ്ടതായിരുന്നുവെങ്കിലും അവരില്ലാതെയാണ് മത്സരങ്ങൾ പുരോഗമിക്കുന്നത്. വനിതകളുടെ 52 കിലോഗ്രാമിൽ ടെഗയുടെ പേരുപോലും ഉൾപ്പെടുത്തിയിട്ടില്ല. വാങ്സു പങ്കെടുക്കേണ്ട വനിതകളുടെ ചാങ് ക്വാൻ വിഭാഗത്തിൽ ഫൈനൽ തിങ്കളാഴ്ചയാണ്. വിസ അനുവദിക്കാത്തതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങിൽനിന്ന് മന്ത്രി അനുരാഗ് ഠാകുർ വിട്ടുനിന്നിരുന്നു.



