ഫ്ലോറിഡാ ∙ മധുവിധു ആഘോഷിക്കാൻ തുടങ്ങും മുൻപെ യുവദമ്പതികളെ മരണം തട്ടിയെടുത്തു. ഒക്ടോബർ 1ന് വിവാഹിതരായ യുവ പൈലറ്റ് (യുണൈറ്റഡ് എയർലൈൻസ്) കോസ്റ്റാസ് ജോൺ (30) ലിൻഡ്സി വോഗിലാർ (33) എന്നിവരാണ് സ്വകാര്യ വിമാനം പറപ്പിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ടു മരിച്ചത്.
വിവാഹത്തിന്റെ നാലാം ദിനം നവദമ്പതികൾക്ക് ദാരുണാന്ത്യം

ഒക്ടോബർ 4ന് കൊളറാഡൊ സാൻവാൻ മലനിരകളിൽ തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും ഒക്ടോബർ 5 ചൊവ്വാഴ്ചയാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തത്. സാഹസികമായി മധുവിധു ആഘോഷിക്കാൻ തിരഞ്ഞെടുത്ത വിമാനയാത്രയുടെ തൽസമയ ദൃശ്യങ്ങൾ കൂട്ടുകാർക്ക് ഓൺലൈനിലൂടെ അയയ്ക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല.
യുണൈറ്റഡ് എയർലൈൻ പൈലറ്റും ഫ്ലൈറ്റ് ഇൻസ്ട്രക്റ്ററും ആയിരുന്ന കോസ്റ്റാസ് ജോൺ ആയിരുന്നു ഈ ചെറുവിമാനവും നിയന്ത്രിച്ചിരുന്നത്.ടെലുറൈഡ് വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 12.4ന് പറന്നുയർന്ന വിമാനം 15 മിനിട്ടുകൾക്കകം തകർന്നു വീഴുകയായിരുന്നു. ജോണിന്റെ ഭാര്യ ലിൻഡ്സിയും എയർ ഇൻഡസ്ട്രിയിലെ ജീവനക്കാരിയാണ്.
പരസ്പരം കണ്ടുമുട്ടി, വിവാഹിതരായി, ജീവിതം ആരംഭിച്ചു തുടങ്ങിയപ്പോഴെ ഇരുവരേയും മരണം തട്ടിയെടുത്തത് അവിശ്വസനീയമായി തോന്നുവെന്നാണ് ഇരുവരുടേയും കുടുംബാംഗങ്ങൾ പ്രതികരിച്ചത്. നാഷണൽ എയർപോർട്ട് അതോറിട്ടി സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.