വിഴിഞ്ഞം: തമിഴ്നാട്ടില്‍ നിന്ന് മീന്‍ കയറ്റിവന്ന ലോറി വിഴിഞ്ഞത്ത് വച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ മരിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ കോവളം ബൈപാസില്‍ വെള്ളാറിലാണ് അപകടമുണ്ടായത്. അപകടത്തില്‍ തമിഴ്നാട് പൊള്ളാച്ചി സ്വദേശി നന്ദകുമാര്‍ മരിച്ചു.
മീന്‍ കയറ്റിയ മിനി ലോറി വിഴിഞ്ഞം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അതേസമയം തൊട്ട് മുന്നിലൂടെ പോയ കാറില്‍ ഇടിക്കാതിരിക്കാന്‍ വേണ്ടി ബ്രേക്കിട്ടതോടെ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നുവെന്നും ഡ്രൈവര്‍ വാഹനത്തിനടിയില്പ്പെടുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് തലക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയതായി കോവളം എസ്ഐ എസ്. അനീഷ് കുമാര്‍ അറിയിച്ചു.